d-k-shivakumar

ഒല്ലൂർ: പൊള്ളും വെയിലേറ്റ് അക്ഷമരായി ഒല്ലൂർ ജംഗ്ഷനിൽ യു.ഡി.എഫ് പ്രവർത്തകർ കാത്തു നിൽക്കുകയാണ്. കാത്തിരിപ്പിനൊടുവിൽ കർണാടക ഉപമുഖ്യമന്ത്രിയും പി.സി.സി പ്രസിഡന്റുമായി ഡി.കെ. ശിവകുമാർ കാറിറങ്ങി. അതുവരെ കടമുറികളുടെയും മരങ്ങളുടെ തണലേറ്റ് നിന്ന പ്രവർത്തകർ ഓടി ജംഗ്ഷനിലേക്കിറങ്ങി. ജംഗ്ഷൻ ജനാരവത്തിൽ നിറഞ്ഞൊഴുകി. തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ പ്രസംഗിക്കുമ്പോഴായിരുന്നു ഡി.കെയുടെ വരവ്.

ഡി.കെ എത്തിയതോടെ മുരളീധരൻ പ്രസംഗം നിറുത്തി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ സ്വാഗതം പറഞ്ഞ് ഡി.കെയെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഇടത്തും വലത്തും കെ. മുരളീധരനും ടി.എൻ. പ്രതാപനുമെത്തി. തുടർന്ന് വലിയ പുഷ്പഹാരം സമർപ്പിച്ചു. ഡി.കെ മൈക്കെടുത്തതോടെ ആരവം ഇരട്ടിച്ചു. ഭാരത് മാതാവിന് ജയ് വിളിച്ചപ്പോൾ പ്രവർത്തകർ അതേറ്റുവിളിച്ചു. മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും സോണിയാഗാന്ധിക്കും ലീഡർക്കും എ.കെ.ആന്റണിക്കും കെ.മുരളീധരനുമെല്ലാം ജയ് വിളിച്ച് തുടങ്ങിയ പ്രസംഗത്തിന് പ്രവർത്തകർ കാതുകൂർപ്പിച്ചു.

തൃശൂരിലെ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനല്ല, നരേന്ദ്രമോദി ഭയപ്പെടുന്ന കെ.മുരളീധരൻ എന്നൊരു പുലിക്കുട്ടിക്കായാണ് താൻ ഇവിടെയെത്തിയതെന്ന് ഡി.കെ പ്രസംഗത്തിന്റെ തുടക്കത്തിൽ പറഞ്ഞപ്പോൾ നിറഞ്ഞ കൈയടി. തന്നെ ജയിലിലടച്ചപ്പോൾ കർണാടകയിലെ പ്രവർത്തകർ പ്രതിഷേധിക്കാനിറങ്ങും മുൻപ് കേരളത്തിലെ അണികളാണ് തെരുവിലിറങ്ങി പന്തം കൊളുത്തി പ്രകടനം നടത്തിയത്. കേരളത്തിലേത് പ്രബുദ്ധസമൂഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡിയെ ഉപയോഗിച്ച് നേതാക്കളെ വേട്ടയാടുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ തൊടുന്നില്ലെന്നും, കർണാടകയിൽ ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.എസിന്റെ കേരളത്തിലെ പ്രതിനിധിയെ മന്ത്രിസഭയിൽ നിന്നുമാറ്റാത്തതിൽ മുഖ്യമന്ത്രി മറുപടി പറയുമോ എന്നും ചോദിച്ചപ്പോൾ പ്രവർത്തകർ ആവേശത്തിലായി. വേദി വിട്ടിറങ്ങുമ്പോൾ മരം കൊണ്ടുള്ള ആനക്കുട്ടിയുടെ പ്രതിമയും അദ്ദേഹത്തിന് സമർപ്പിച്ചു.

 ഒപ്പം നിൽക്കാൻ വളഞ്ഞ്

രാവിലെ 9.30ന് തുടങ്ങിയ യോഗത്തിലേക്ക് 10.30നാണ് ഡി.കെ എത്തിയത്. അരമണിക്കൂറത്തെ പ്രസംഗം കഴിഞ്ഞപ്പോൾ ഒപ്പം നിൽക്കാനും സെൽഫി എടുക്കാനും അണികൾ മത്സരിച്ചു. ചിലർ ഷാളണിയിച്ചു. വാഹനത്തിന് ചുറ്റിലും നിരന്നവരിൽ സ്ത്രീകളടക്കമുള്ള പ്രവർത്തകരുണ്ടായിരുന്നു. മുദ്രാവാക്യങ്ങൾക്കൊപ്പം ഉയർന്നുപൊങ്ങിയ കൈകളിലെല്ലാം മൊബൈൽ ക്യാമറകളായിരുന്നു. കൊടിതോരണങ്ങൾക്കും കെ.മുരളീധരന്റെ കട്ടൗട്ടുകൾക്കും നടുവിൽ തിരക്കിനിടയിലൂടെ, റോഡ് ഷോയ്ക്കായുള്ള വാഹനം വരെ കൈകൾ കോർത്തുപിടിച്ച് നേതാക്കളുണ്ടാക്കിയ വലയത്തിലൂടെ ശിവകുമാർ നടന്നു.

റോഡ് ഷോയ്ക്കുള്ള അലങ്കരിച്ച വാഹനത്തിൽ കയറുമ്പോൾ കെ. മുരളീധരനും ഒപ്പമുണ്ടായിരുന്നു. ഒല്ലൂർ ജംഗ്ഷനിൽ അഞ്ച് മിനിറ്റോളം റോഡ് ഷോ പൂർത്തിയാക്കിയ ശേഷം തിരിച്ച് കാറിലേക്ക്. ത്രിവർണ കടലാസ് തുണ്ടുകൾ നിറഞ്ഞുകവിഞ്ഞ റോഡിലൂടെ ഡി.കെ മടങ്ങുമ്പോഴും കൊട്ടിക്കലാശത്തിന്റെ ഹരത്തിലായിരുന്നു പ്രവർത്തകർ.