
കരുവന്നൂരിലെ സഹകരണ ബാങ്ക് തട്ടിപ്പ് പുറത്തു വന്നപ്പോഴേ അത് തിരഞ്ഞെടുപ്പിൽ ആയുധമാക്കി ബി.ജെ.പിയും കോൺഗ്രസും ഉയർത്തിക്കൊണ്ടുവരുമെന്ന് ഉറപ്പായിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ തന്ത്രങ്ങളുമായി കേന്ദ്ര സർക്കാർ ഈ തിരഞ്ഞെടുപ്പ് കാലത്ത് വിഷയം കത്തിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇ.ഡി - ആദായ നികുതി വകുപ്പ് അന്വേഷണത്തെ ചൊല്ലി മുന്നണികൾ തമ്മിൽ പോര് കടുത്തതും സ്വാഭാവികം. സി.പി.എം നേതാക്കളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തതും പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതും ഉയർത്തിക്കാട്ടി കോൺഗ്രസ് നേതാക്കൾ ഡീൽ പരാമർശവുമായി രംഗത്തെത്തിയപ്പോൾ ഇ.ഡി - ആദായ നികുതി വകുപ്പ് നടപടികൾ കടുപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.
സി.പി.എം നേതാക്കളെ തുടർച്ചയായി വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്ന് വ്യക്തം. കരുവന്നൂർ തട്ടിപ്പിൽ തെളിവുണ്ടായിട്ടും സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യാത്തത് സി.പി.എം - ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനും കോൺഗ്രസ് നേതാക്കളായ ടി.എൻ. പ്രതാപനും അനിൽ അക്കരെയും ഒരേസ്വരത്തിൽ ആരോപിക്കുന്നത്. സി.പി.എം തട്ടിപ്പിന്റെ പുതിയ വിവരങ്ങൾ പുറത്തുവന്നെന്നും അതിനാൽ ഡീൽ മുറുകുകയാണെന്നും അവർ കുറ്റപ്പെടുത്തി.
സി.പി.എം നേതാക്കളായ പി.കെ. ബിജു, എം.എം. വർഗീസ്, പി.കെ. ഷാജൻ എന്നിവരെ ഇ.ഡി കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. ആലത്തൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. ടി.എൻ. സരസു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസ്ഥാനത്തെ സഹകരണ ബാങ്ക് തട്ടിപ്പിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം അഭിനന്ദിക്കാനായി മോദി ഫോൺ വിളിച്ചപ്പോഴാണിത് പറഞ്ഞത്. ഇ.ഡി കണ്ടുകെട്ടിയ പണം, നഷ്ടപ്പെട്ടവർക്ക് നൽകുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് പറഞ്ഞിരുന്നു. തുടർന്നാണ് നടപടികൾ ശക്തമാക്കാൻ തുടങ്ങിയത്.
പ്രതിരോധം
കടുപ്പിക്കാൻ ഇടത്
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇ.ഡിയെക്കൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നാണ് സി.പി.എമ്മും ഇടതുമുന്നണിയും ആരോപിക്കുന്നത്. ഭയക്കാനൊന്നുമില്ലെന്ന് അവരും ആവർത്തിക്കുന്നു. കരുവന്നൂർ കേസ് അന്വേഷിക്കാൻ ശുഷ്‌കാന്തി കാണിക്കുന്ന ഇ.ഡി കൊടുങ്ങല്ലൂരിലെ കള്ളനോട്ട് കേസും കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാത്തതെന്താണെന്നും സി.പി.എം ജില്ലാക്കമ്മിറ്റി ചോദിച്ചു. പ്രതികൾ ബി.ജെ.പി നേതാക്കളായതുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ കണ്ണടച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികൾ കാണിക്കുന്ന പക്ഷപാതിത്വത്തെ കുറിച്ചാണ് കോൺഗ്രസ് പ്രതികരിക്കേണ്ടതെന്നും ഇടതു നേതാക്കൾ ചൂണ്ടിക്കാട്ടി.
അതേസമയം, സി.പി.എം. ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഒഫ് ഇന്ത്യയിലെ അക്കൗണ്ട് മരവിപ്പിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണത്തിന് പ്രയാസമുണ്ടാകുമെന്നും ജില്ലാ സെക്രട്ടറിയെ ഉൾപ്പെടെ തുടർചോദ്യം ചെയ്യലിനായി വിളിപ്പിച്ചാൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനം താളം തെറ്റുമെന്നുമുള്ള ആശങ്ക ഇടത് നേതൃത്വത്തിനുണ്ട്. ഓരോ ദിവസവും ഇ.ഡിയും ആദായ നികുതി വകുപ്പും കണ്ടെത്തുന്ന വിവരങ്ങൾ വരുത്തുന്ന പ്രതിച്ഛായാ നഷ്ടം പ്രതിരോധിക്കാൻ നേതാക്കളെ ഇറക്കി വിശദീകരണത്തിന് വേണ്ടി വരുന്ന അമിത അദ്ധ്വാനവും അവർ മുൻകൂട്ടി കാണുന്നുണ്ട്.
കൊടുങ്ങല്ലൂരിൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന കള്ളനോട്ടടി ആധുനിക പ്രസ് ഉപയോഗിച്ചാണ് നടത്തിയതെന്ന ചൂണ്ടിക്കാട്ടി പ്രചാരണം നടത്തുകയാണ് ഇടതുമുന്നണി. കൊടകരയിലെ കേസിൽ സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് കൂടി പങ്കാളിത്തമുള്ള കുഴൽപ്പണം തിരഞ്ഞെടുപ്പിൽ വിനിയോഗിക്കാൻ ബി.ജെ.പി ഇറക്കിയിരുന്നുവെന്നും ഇത്തരം കേസുകൾ അന്വേഷിക്കുന്നതും അന്വേഷിക്കാതിരിക്കുന്നതും രാഷ്ട്രീയ കാരണങ്ങളാലാകുന്നത് നിയമ വ്യവസ്ഥയോടുള്ള അനാദരവും ധാർഷ്ട്യവുമാണെന്നും പ്രചാരണയോഗങ്ങളിൽ നേതാക്കൾ വ്യക്തമാക്കുന്നുണ്ട്.
മോദി, പിണറായി,
ഡി.കെ...
കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം നൽകിയാണ് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഒല്ലൂരിലെത്തിയത്. കൊടും ചൂടിലും നൂറുകണക്കിന് പ്രവർത്തകർ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി 15ന് വീണ്ടും തൃശൂരിൽ വരുന്നുണ്ട്. കുന്നംകുളത്തെ പൊതുപരിപാടികളിൽ പങ്കെടുക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ജില്ലയിലെ പ്രചാരണം ഉച്ചസ്ഥായിയിലെത്തി. 15ന് എൽ.ഡി.എഫ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും തൃശൂരിലെത്തും. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽ കുമാറിനെക്കുറിച്ചുള്ള 'മ്മ്‌ടെ സ്വന്തം സുനിച്ചേട്ടൻ' എന്ന പുസ്തകത്തിന്റെ പ്രകാശനവും നിർവഹിക്കും. ശക്തൻ നഗറിൽ വൈകിട്ട് അഞ്ചിനാണ് പരിപാടി. കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ 58 ഓളം പ്രമുഖർ പുസ്തകത്തിൽ എഴുതുന്നുണ്ട്.
യു.ഡി.എഫിന്റെ പ്രചാരണവേദികളിലേക്ക് രാഹുൽഗാന്ധി അടക്കം കോൺഗ്രസിന്റെ ദേശീയ നേതാക്കളും വരും ദിവസങ്ങളിൽ എത്തിയേക്കും. നീണ്ട പ്രചാരണത്തെ ചൂടു പിടിപ്പിക്കാൻ ഉതകുന്ന പ്രസംഗങ്ങളും വാക്പോരുമായി ദേശീയ നേതാക്കളും എത്തുന്നതോടെ തിരഞ്ഞെടുപ്പ് രംഗത്തെ ആവേശം കൊടുമ്പിരികൊള്ളും.
കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി റെയ്ഡും സി.പി.എം നേതാക്കളെ ചോദ്യം ചെയ്യലും ഉൾപ്പെടെ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവ്. കരുവന്നൂരിൽ പ്രധാനമന്ത്രിയെ എത്തിക്കാനും ശ്രമം നടന്നിരുന്നു. ത്രികോണമത്സരം നടക്കുന്ന തൃശൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിന് സഹായമാകുന്ന രീതിയിലാണ് ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന കുന്നംകുളം നിയമസഭാ മണ്ഡലത്തെ പരിപാടിക്കായി പരിഗണിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്തംബറിൽ വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം മുതൽ ഔദ്യോഗികവും അല്ലാത്തതുമായ പരിപാടികളുമായി പലതവണ പ്രധാനമന്ത്രി കേരളത്തിലെത്തി. 2023 ഏപ്രിലിൽ കൊച്ചിയിൽ നടന്ന യുവജനസംഗമം, തൃശൂരിലെ വനിതാ സംഗമം, ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനൊപ്പം തൃപ്രയാർ ക്ഷേത്രദർശനം, കൊച്ചിയിൽ ഷിപ്‌യാർഡിലെ ഔദ്യോഗിക പരിപാടിക്കുശേഷം റോഡ് ഷോ... തുടങ്ങിയ പരിപാടികൾക്കാണ് മോദിയെത്തിയത്.
മാറ്റിപ്പിടിച്ച്
മുന്നണി തന്ത്രങ്ങൾ
കരുവന്നൂർ അടക്കമുളള വിഷയങ്ങളിൽ പിടിച്ച് ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച്, പ്രത്യേകിച്ച് കേരളത്തിൽ പ്രവർത്തനം ശക്തമാക്കാനാണ് ബി.ജെ.പി.യുടെ തന്ത്രം. അതിന് ഈ തിരഞ്ഞെടുപ്പ് വഴിയൊരുക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ അടിക്കടിയുള്ള കേരള സന്ദർശനം ലക്ഷ്യമിടുന്നതും മറ്റൊന്നല്ല. അതേസമയം, ന്യൂനപക്ഷ മുന്നാക്ക വോട്ടുകൾ കൂടുതൽ ഉറപ്പാക്കാൻ യു.ഡി.എഫ് ശ്രമിക്കുന്നുണ്ട്. കരുവന്നൂർ പ്രശ്‌നം നിയമപരമായി പ്രതിരോധിക്കാനും ഇ.ഡി ഇൻകംടാക്‌സ് നടപടികൾ അനുകൂലമാക്കാനുമാണ് ഇടതുമുന്നണിയുടെ നീക്കം. ചുരുക്കത്തിൽ കേരള രാഷ്ട്രീയം ഈ തിരഞ്ഞെടുപ്പിൽ തൃശൂർ കേന്ദ്രീകരിച്ച് കറങ്ങിത്തിരിയുകയാണെന്ന് പറഞ്ഞാലും അധികമാവില്ല.