d-k-shivakumar

ഒല്ലൂർ: കെ.മുരളീധരൻ കോൺഗ്രസിന്റെ 'ട്രബിൾ ഷൂട്ടർ" ആണെന്നും അദ്ദേഹം കരുത്തനായ സ്ഥാനാർത്ഥി ആയതിനാലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടും മൂന്നും തവണ തൃശൂരിലേക്കെത്തുന്നതെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. ഒല്ലൂരിൽ കെ.മുരളീധരന്റെ പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി വേട്ടയാടുകയാണ്. ഭയപ്പാട് കൊണ്ടാണിത്. അവസാനത്തെ ഉദാഹരണമാണ് അരവിന്ദ് കേജ്‌രിവാൾ. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ മാത്രം അതൊന്നും ബാധിക്കുന്നില്ല. പിണറായിയെ ഇ.ഡിയും കേന്ദ്ര ഏജൻസികളും തൊടുന്നില്ല. കേരളത്തിൽ എൽ.ഡി.എഫിന് വോട്ട് ചെയ്യുന്നവരോർക്കണം, ബി.ജെ.പിയെയാണ് ശക്തിപ്പെടുത്തുന്നതെന്ന്. ബി.ജെ.പിയെ തോൽപ്പിക്കാൻ കഴിയുന്നത് കോൺഗ്രസിനു മാത്രമാണ്.

കർണാടകത്തിൽ ജെ.ഡി.എസ് എൻ.ഡി.എയുടെ ഭാഗമാണ്. എൻ.ഡി.എയുടെ ഭാഗമായ വൈദ്യുതി മന്ത്രിയെ എന്തുകൊണ്ട് പിണറായി പുറത്താക്കുന്നില്ല. ഇത് എൽ.ഡി.എഫ് മന്ത്രിസഭയോ എൻ.ഡി.എ മന്ത്രിസഭയോ എന്ന് അദ്ദേഹം വ്യക്തമാക്കണം.

നരേന്ദ്രമോദിക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകി രാഹുൽഗാന്ധി നീങ്ങുമ്പോൾ കരുത്തായത് കേരളമാണ്. ദേശീയ തലത്തിൽ എൻ.ഡി.എ തകർച്ചയുടെ വക്കിലാണ്. അതുകൊണ്ടാണ് സംസ്ഥാനങ്ങളിൽ പ്രാദേശിക കൂട്ടുകെട്ടുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.മുരളീധരൻ, ടി.എൻ.പ്രതാപൻ എം.പി തുടങ്ങിയവർ പങ്കെടുത്തു.