sama

തൃശൂർ: കാടറിവിനപ്പുറമുള്ള നൃത്തലോകത്തെ അറിയാൻ ഇടുക്കി മറയൂരിൽ നിന്നും അവർ കലാമണ്ഡലത്തിലെത്തി. നാലുദിവസത്തെ 'ചോട്' ക്യാമ്പിൽ വച്ച് മോഹിനിയാട്ടം, കൂടിയാട്ടം, ഓട്ടൻ തുള്ളൽ എന്നിവയുടെ ബാലപാഠങ്ങൾ പഠിച്ചതോടെ അവരിൽ ഉണർന്നത് പുതിയ അനുഭവലോകം. മറയൂർ മഹിളാ ശിക്ഷൺ കേന്ദ്രത്തിലെ മുതുവാൻ വിഭാഗത്തിൽപെട്ട 32 പെൺകുട്ടികളായിരുന്നു പഠിതാക്കൾ.

ഇടമലക്കുടി, മാങ്കുളം, വട്ടവട, മറയൂർ, കാന്തല്ലൂർ, ബൈസൺവാലി പഞ്ചായത്തുകളിൽ നിന്നുള്ളവർ. കേരള മഹിളാ സമഖ്യ സൊസൈറ്റി, എസ്.ഇ.ആർ.ടി, കലാമണ്ഡലം എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്. ഗോത്രായനം തുടർപഠന പരിപാടിയുടെ ഭാഗമാണിത്. ശാസ്ത്രീയ നൃത്തത്തിലൂടെ കളരി അഭ്യസനത്തിന്റെ ബാലപാഠങ്ങൾ നൽകുന്നതിനപ്പുറം കുട്ടികളിൽ ഈ കലയുടെ അവതരണത്തിന്റെയും അഭ്യസനത്തിന്റെയും അനുഭവവും പകർന്നു.

കലാമണ്ഡലത്തിലെ എം.എ മോഹിനിയാട്ടം വിദ്യാർത്ഥികളായ അശ്വതി പ്രസന്നൻ, കൃഷ്ണപ്രിയ, ഉമാദേവി, ജയലക്ഷ്മി എന്നിവർ പ്രായോഗിക ക്ലാസെടുത്തു. കഥകളി, കുടിയാട്ടം, ഓട്ടൻ തുള്ളൻ എന്നിവയിൽ അരുൺ വാരിയർ, കൃഷ്‌ണേന്ദു, ഷർമിള എന്നിവർ സോദാഹരണ പ്രഭാഷണം നടത്തി.

എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപനച്ചടങ്ങ് കലാമണ്ഡലം വി.സി ഡോ. ബി. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോഴ്‌സ് കോ- ഓർഡിനേറ്റർ ഡോ. രചിത രവി, എസ്.സി.ആർ.ടി റിസർച്ച് ഓഫീസർ സതീഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഗോത്രായനം

കുടി (വീട്), ഗ്രാമം, വിദ്യാലയം, പൊതു ഇടം എന്നിവിടങ്ങളിൽ വിവിധ സാഹചര്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് പരിശീലിപ്പിക്കുകയാണ് ഗോത്രായനത്തിന്റെ പ്രധാന ലക്ഷ്യം. അപ്ലെയ്ഡ് ഡ്രാമ, നൃത്തം, ചിത്രകല, ഇംഗ്ലീഷ് പഠനം എന്നീ വിഷയങ്ങൾ ചേർന്നുള്ള തുടർ പരിശീലനമാണിത്.