1

തൃശൂർ: തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന് ത്രികോണമത്സരം പൊടിപാറുമ്പോൾ, തൃശൂർ പൂരത്തിന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ തമ്മിലുമുണ്ട് ത്രികോണപ്പോര്. വെടിക്കെട്ട്, പന്തൽ, കുട എന്നിവയിലാണ് മുൻകാലത്തെപ്പോലെ മത്സരം പൊടിപാറുന്നത്.
ജനലക്ഷങ്ങൾ സാക്ഷിയാകുന്ന കുടമാറ്റത്തിനുള്ള കുടകളിൽ തിരുവമ്പാടിയും പാറമേക്കാവും നിറങ്ങളും കൗതുകങ്ങളും നിറയ്ക്കാനാണ് മത്സരം. മറുരാജ്യങ്ങളിലെ മികച്ച നിറങ്ങൾക്കായുള്ള കുടനിർമ്മാതാക്കളുടെ അന്വേഷണം മുൻപേ തുടങ്ങിയിരുന്നു.

ഒടുവിൽ സൂററ്റിൽ നിന്ന് തുണി കിട്ടി. ഫ്രെയിമിൽ തുണി തുന്നിയെടുത്ത് ചിത്രപ്പണികൾ തീർത്ത് കൗതുകങ്ങൾ നിറയ്ക്കും. തുണി തുന്നിയെടുക്കുന്ന ചൂരൽവടികളെ ചേർത്തുനിറുത്താൻ സ്റ്റീൽക്കമ്പികളുമുണ്ടാകും.


ഓരോ ദേവസ്വത്തിനും സ്‌പെഷ്യൽക്കുടകൾക്ക് പുറമേ: 50ലേറെ സെറ്റ് കുടകൾ.
ഒരു സെറ്റിൽ: 15 കുടകൾ
ഒരു ദേവസ്വം നിർമ്മിക്കുന്നത് : 750 ഓളം കുടകൾ.
രണ്ട് ദേവസ്വങ്ങൾക്കുമായി: 1,500 കുടകൾ.

29ാം വസന്തകാലം

കുന്നത്തങ്ങാടി സ്വദേശി കിഴക്കെപ്പുരയ്ക്കൽ വസന്തൻ പാറമേക്കാവ് പൂരക്കുട നിർമ്മാണം ഏറ്റെടുത്ത് 29ാം വർഷമാണിത്. 22 പേർ ടീമിലുണ്ട്. തിരുവമ്പാടിക്ക് പുരുഷോത്തമനാണ്. പതിനഞ്ചാം വർഷമാണിത്. മുപ്പതോളം വർഷം പാറമേക്കാവിലായിരുന്നു. പന്ത്രണ്ട് പേർ ടീമിലുണ്ട്. രാവിലെ ആറിന് പണി തുടങ്ങിയാൽ പന്ത്രണ്ട് മണിക്കൂറോളം പണിയാണ്.

ഒരേയൊരു സതീഷ്, ചരിത്രം!

തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വെടിക്കെട്ടിന് ഒരേ കരാറുകാരനാണ്, ചരിത്രത്തിലാദ്യം. തിരുവമ്പാടിയുടെ പതിവുകാരനായ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷ്. അച്ഛൻ മണിയും തിരുവമ്പാടിയുടെ കരാറുകാരനായിരുന്നു. സാങ്കേതിക പ്രശ്‌നം മൂലം പാറമേക്കാവിന്റെ വെടിക്കെട്ട് കരാറുകാരന് ലൈസൻസ് നൽകാൻ പ്രയാസം വന്നതോടെ കളക്ടർ വി.ആർ.കൃഷ്ണ തേജ ഇടപെട്ടു. ദേവസ്വങ്ങളുടെ സഹകരണം തേടി. അവർ സമ്മതിച്ചു. ഒരാളാണെങ്കിലും വെടിക്കെട്ടിലെ മത്സരത്തിന് കുറവുണ്ടാകില്ല. നിറത്തിലും ശബ്ദത്തിലും വൈവിദ്ധ്യം ഉറപ്പ്. മുൻപ് അതീവരഹസ്യമായി തയ്യാറാക്കിയിരുന്നതാണ് വെടിമരുന്ന്. വെടിക്കെട്ട് പ്രതിസന്ധിയിലായതോടെ ദേവസ്വങ്ങളും മാറിച്ചിന്തിച്ചു. വെടിക്കെട്ട് ഒരുക്കുന്നതിലെ നടപടിക്രമം ലഘൂകരിക്കപ്പെടുമെന്നതാണ് സംയുക്ത വെടിക്കെട്ട് കരാറുകാരനാകുമ്പോഴുള്ള പ്രധാന ഗുണം.

സാമ്പിൾ: 17 ന്
പൂരം: 19 ന്
പ്രധാനവെടിക്കെട്ട്: 20ന് പുലർച്ചെ

പന്തലുയരുന്നു

പാറമേക്കാവിന്റെ പന്തൽ മണികണ്ഠനാലിലും, തിരുവമ്പാടിയുടെ നടുവിലാലിലും നായ്ക്കനാലിലുമാണ് ഉയരുന്നത്. എടപ്പാൾ നാദം സൗണ്ട് ഇലക്ട്രിക്‌സിന്റെ സി.ബൈജുവിന്റെ നേതൃത്വത്തിലാണ് മണികണ്ഠനാൽ പന്തൽ നിർമ്മാണം. നടുവിലാലിൽ സെയ്തലവി ആരാധന പന്തൽ വർക്‌സും, നായ്ക്കനാലിൽ ചേറൂർ പള്ളത്ത് മണികണ്ഠനുമാണ് പന്തൽ ഒരുക്കുന്നത്. 13ന് കൊടിയേറ്റത്തോടെ നഗരം പൂരാവേശത്തിൽ മുഴുകും.