തെക്കുംകര പഞ്ചായത്തിലെ വീടുകളിൽ ആരോഗ്യ പ്രവർത്തകർ ക്ലോറിനേഷൻ നടത്തുന്നു.
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നത് കക്കൂസ് മാലിന്യത്തിൽ നിന്നെന്ന് ആരോഗ്യ വകുപ്പ്. കഴിഞ്ഞ മാസം 11ന് വാഴാനി ഡാമിൽ നിന്നും കനാൽ വഴി വെള്ളം തുറന്ന് വിട്ടിരുന്നു. ഇതേ തുടർന്ന് കനാലിനു താഴ്ന്നു കിടക്കുന്ന പ്രദേശങ്ങളിലെ കിണറുകളിലേക്കും ഒറ്റക്കുഴി കക്കൂസുകളിലേക്കും വെള്ളം കയറിയിരുന്നു. മാലിന്യം കലർന്ന വെള്ളം പിന്നീട് സമീപ പ്രദേശങ്ങളിലെ മുഴുവൻ കിണറുകളിലേക്കും വ്യാപിക്കുകയായിരുന്നു. ഈ വെള്ളം ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും ഉപയോഗിച്ചതാണ് രോഗം പടരാൻ കാരണമാക്കിയതെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തൽ. തെക്കുംകര പഞ്ചായത്തിലെ 17, 18 വാർഡുകളിലാണ് കൂടുതലായും മഞ്ഞപ്പിത്തക്കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഞ്ഞപ്പിത്തം ബാധിച്ച രണ്ടു പേരെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചർദ്ദി, പനി, വിശപ്പിലായ്യ്മ എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ ആദ്യ ലക്ഷണങ്ങൾ. പത്തോളം പേർക്കാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുള്ളതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. മഞ്ഞപ്പിത്ത രോഗ വ്യാപനത്തെത്തുടർന്ന് തെക്കുംകര പഞ്ചായത്തിൽ മുൻകരുതൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ട്. വിശദമായ പരിശോധനകൾക്ക് ശേഷം ആരോഗ്യ വകുപ്പ് നടപടികൾ ശക്തിപ്പെടുത്തും.
പ്രതിരോധം തീർത്ത് അധികൃതർ
ഹെൽത്ത് ഇൻസ്‌പെക്ടർ, സൂപ്പർവൈസർ, ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുപ്രവർത്തകർ, ആശാ പ്രവർത്തകർ, അംഗൻവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ സംയുക്തമായി ചേർന്ന് പ്രതിരോധ പരിപാടികൾക്ക് തുടക്കം കുറിച്ചു. രോഗബാധ സ്ഥിരീകരിച്ച വാർഡുകളിൽ പനി സർവേ നടത്തുകയും കുടിവെള്ള സ്രോതസുകൾ, കിണറുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തുകയും ചെയ്തു. മഞ്ഞപ്പിത്തം വെള്ളത്തിൽ കൂടി പടരുന്നതിനാൽ തിള്ളപ്പിച്ചാറിയ വെള്ളം കുടിക്കുകയും ശുചിത്വമുള്ള വെള്ളത്തിൽ ഭക്ഷണം പാകം ചെയ്യുകയും വേണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.