തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ചിത്രം തെളിഞ്ഞു. കഴിഞ്ഞ തവണ മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ ഏട്ടു പേരാണ് ഉണ്ടായിരുന്നതെങ്കിൽ ഇക്കുറി ഒമ്പത് പേരുണ്ട്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ എന്നി മുന്നണികൾക്ക് പുറമേ ബഹുജൻ സമാജ് പാർട്ടി, ന്യൂ ലേബർ പാർട്ടി എന്നിവർക്കും സ്ഥാനാർത്ഥികളുണ്ട്. കൂടാതെ നാലു സ്വതന്ത്രരും മത്സര രംഗത്തുണ്ട്.
സ്വതന്ത്രനായി പത്രിക നൽകിയ കെ.ബി. സജീവ് പത്രിക പിൻവലിച്ചപ്പോൾ സുനിൽ കുമാറിന് അപരനായി മറ്റൊരു സുനിൽ കുമാർ മത്സരരംഗത്ത് ഉറച്ചുനിൽക്കുന്നു. അവണിശേരി സ്വദേശിയാണ് സുനിൽ കുമാർ. വി.എസ്. സുനിൽ കുമാറിന് തങ്ങളുടെ പാർട്ടി ചിഹ്നമായ ധാന്യക്കതിരും അരിവാളും മുരളീധരന് കൈയും സുരേഷ് ഗോപിക്ക് താമരയും ലഭിച്ചു. ബി.എസ്.പിയുടെ പാർട്ടി ചിഹ്നമായ ആനയാണ് അഡ്വ. പി.കെ. നാരായണന് ലഭിച്ചത്. ന്യൂ ലേബർ പാർട്ടി സ്ഥാനാർത്ഥിയായ ദിവാകരൻ പള്ളത്തിന് മോതിരമാണ് ചിഹ്നം.
സ്വതന്ത്രൻമാരായ എം.എസ്. ജാഫറിന് കരിമ്പു കർഷകനാണ് ചിഹ്നം. ജോഷി വില്ലടത്തിന് തെങ്ങിൻതോട്ടവും പ്രതാപന് ബാറ്ററി ടോർച്ചും സുനിൽ കുമാറിന്റെ അപരന് ക്രെയിനുമാണ് ചിഹ്നങ്ങൾ.
കഴിഞ്ഞ തവണ സ്വതന്തർക്ക് കിട്ടിയത് 3,368
കഴിഞ്ഞ തവണ മൂന്നു സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ആകെ ലഭിച്ചത് വെറും 3368 വോട്ട് മാത്രമാണ്. സുവിത്ത്(1133), സോനു(1130), കെ.പി. പ്രവീൺ( 1105) എന്നിങ്ങനെയാണ്. ബി.എസ്.പി സ്ഥാനാർത്ഥിയായി മത്സരിച്ച നിഖിൽ ചന്ദ്രശേഖരന് 2551 വോട്ടും , എൻ.ഡി. വേണുവിന് 1330 വോട്ടുമാണ് ലഭിച്ചത്. അതേ സമയം നോട്ടയ്ക്ക് 4253 വോട്ടുകളാണ് ലഭിച്ചത്.