ചാലക്കുടി: കനത്ത ചൂടിൽ ചാലക്കുടി നഗരത്തിലൂടെ സഞ്ചരിക്കുന്നവർക്ക് ദാഹമകറ്റാൻ കവാടം തുറന്നിട്ട് നഗരസഭ കാര്യാലയം.
ഇവിടെ എത്തിയാൽ വയർ നിറച്ച് ദാഹശമിനി കഴിക്കാം.തണ്ണീർ മത്തൻ ജ്യൂസ്, സംഭാരം, നാരങ്ങാ വെള്ളം തുടങ്ങിയ ഇനങ്ങളാണ് പലദിവസങ്ങളിലായി പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നത്. കൃഷി ഭവൻ കവാടത്തിന് സമീപം സൗജന്യമായി ഇനി മുതൽ ദാഹശമനി ലഭിക്കും. രാവിലെ 11 മുതൽ വൈകീട്ട് 3 വരെ തണ്ണീർപ്പന്തൽ പ്രവർത്തിക്കും. മഴക്കാലം തുടങ്ങുന്നതുവരെ തണ്ണീർപ്പന്തൽ പ്രവർത്തിക്കും. ഏതെങ്കിലും സംഘടനകളോ വ്യക്തികളോ സംരംഭത്തിലേയ്ക്ക് ഫലവർഗങ്ങൾ നൽകുമെന്ന പ്രതീക്ഷയുണ്ടെന്ന് നഗരസഭ അധികൃതർക്ക് പറയുന്നു. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് തണ്ണീർപ്പന്തലിന്റെ പ്രവർത്തനം. സഹകരണ സംഘങ്ങളും വിവിധ സംഘടനകളുടെ കഴിഞ്ഞ വേനൽ തണ്ണീർപ്പന്തൽ ഒരുക്കിയപ്പോൾ നഗരസഭാ ഭരണസമിതി നോക്കുകുത്തിയായെന്ന് ആരോപണമുണ്ടായിരുന്നു. ആ സമയം പ്രതിപക്ഷം ഇവിടെ ദൗത്യം ഏറ്റെടുത്തിരുന്നു. വഴിയാത്രക്കാർക്ക് തണ്ണിമത്തൻ ജൂസ് നൽകി വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ ചെയർമാൻ ദിപു ദിനേശ് അദ്ധ്യക്ഷനായി.