ചാലക്കുടി: വിവാദമായ പോട്ട കവല സർവീസ് റോഡിലെ മരങ്ങൾ മുറിച്ചു മാറ്റൽ ആരംഭിച്ചു. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പുറമ്പോക്കിൽ നിൽക്കുന്ന എൺപതോളം മരങ്ങളാണ് മുറിക്കുന്നത്. എൻ.എച്ച്.ഐ.എ യുടെ അനുമതിയോടെ 6.5 ലക്ഷം രൂപയ്ക്ക് കരാറെടുത്ത സ്വകാര്യ വ്യക്തിയാണ് മരങ്ങൾ മുറിച്ച് കൊണ്ടുപോകുന്നത്. നിലവിലെ 11 ഇലട്രിക് പോസ്റ്റുകൾ റോഡിന്റെ ഓരത്തേയ്ക്ക് മാറ്റി സ്ഥാപിക്കുന്ന കെ.എസ്.ഇ.ബിയുടെ പ്രവർത്തനങ്ങൾക്കും തുടക്കമായി. മൂന്നു ദിവസത്തിനകം ഇവ പൂർത്തിയാകും. പിന്നീട് മരം മുറിച്ച് മാറ്റിയ സ്ഥലത്തും ടാറിങ്ങ് നടത്തി റോഡിന്റെ വീതി ഇരട്ടിയാക്കും. ഇവിടെ രണ്ടു വരി ഗതാഗതം ഏർപ്പെടുത്തലാണ് നഗരസഭയുടെ ലക്ഷ്യം. ഇടുങ്ങിയ റോഡിലൂടെ രണ്ടുവരി ഗതാഗതം നടക്കുന്നത് മൂലം പോട്ട കവല റോഡിൽ അപകടങ്ങൾ നിത്യ സംഭവമായിരുന്നു. അപകടത്തിൽ മരണങ്ങളുണ്ടാവുകയും ചെയ്തു. ഇതോടെയാണ് വിവിധ സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഏറെ പ്രതിസന്ധിയുണ്ടായെങ്കിലും സനീഷ്‌കുമാർ ജോസഫ് എം.എൽ.എയുടെ ശ്രമഫലമായാണ് മരങ്ങൾ മുറിക്കുന്ന പ്രവർത്തനം നടന്നത്. നഗരസഭ ചെയർമാൻ എബി ജോർജ്, കൗൺസിലർമാരായ വത്സൻ ചമ്പക്കര, ലില്ലി ജോസ്, ജോജി കാട്ടാളൻ എന്നിവർ സ്ഥലത്തെത്തി.