temple
പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാഴ്ച ശീവേലി

ചാലക്കുടി : മേളപ്പെരുമയും ഗജപ്പെരുമയും വിളിച്ചോതി പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി നാഗർണി മനയ്ക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട്, മേൽശാന്തി ശ്രീജിത്ത് എമ്പ്രാന്തിരി എന്നിവർ ക്ഷേത്രച്ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവാന്റെ തിടമ്പേറ്റി. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ 108 കലാകാരന്മാർ അണിനിരന്ന പാണ്ടിമേളം, ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ 55 കലാകാരന്മാരുടെ മേജർ സെറ്റ് പഞ്ചവാദ്യം, ഡബിൾ തായമ്പക, വർണ്ണയാഴ്ചയൊരുക്കി കരിമരുന്ന് പ്രയോഗം എന്നിവയുണ്ടായി. വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ മഠത്തിൽ വരവ്, ആചാരാനുഷ്ഠാന കലകളോടെയുള്ള രണ്ട് ദേശക്കാരുടെയും താലി വരവ് എന്നിവ വർണ്ണാഭമായ ദൃശ്യവിരുന്നൊരുക്കി. ആനച്ചമയങ്ങളുടെ പ്രദർശനമുണ്ടായി. ഗാനമേള, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു. അന്നദാനത്തിൽ ആയിരങ്ങൾ പങ്കെടുത്തു.