 
മാള : എടാകൂടമുണ്ടാക്കി ഇൽസുംഗ് വളരുകയാണ്. എടാകൂടം മൂന്നിൽ നിന്ന് 339 ആയി. ഇനിയും എടാകൂടമുണ്ടാക്കും. എടാകൂടം എന്നു കേട്ട് തെറ്റിദ്ധരിക്കേണ്ട. ബുദ്ധിപരമായ വ്യായാമം ലക്ഷ്യമിട്ട് മരം കൊണ്ടുള്ള ഇന്ത്യൻ റൂബിക്‌സ് ക്യൂബാണ് കക്ഷി ഉണ്ടാക്കുന്നത്. ആയിരത്തിൽപരം പീസുകളുള്ള എടാകൂടം ഉണ്ടാക്കുകയാണ് ലക്ഷ്യം. ചൈനീസ് കളിപ്പാട്ടങ്ങൾക്ക് ബദലായി മക്കൾക്ക് കളിക്കാനായാണ് ഇൽസുംഗ് ആദ്യമായി മരംകൊണ്ട് സ്വന്തം ബുദ്ധിയിൽ എടാകൂടം നിർമ്മിച്ചത്.
ആദ്യകാലങ്ങളിൽ കേരളത്തിലെ മനകളിലും രാജകൊട്ടാരങ്ങളിലും ബുദ്ധിപരമായ വ്യായാമത്തിന് വേണ്ടിയുണ്ടാക്കുന്ന ഒരു കളി ഉപകരണമാണിത്. ഉള്ളിൽ ദ്വാരത്തോടെ കീയുള്ള എടാകൂടത്തെ അഴിച്ചു മാറ്റിയാൽ പഴയ രീതിയിൽ കൂട്ടിച്ചേർക്കുക പ്രയാസകരമാണ്. ബുദ്ധികൂർമ്മതയും ക്ഷമാശീലവുമുള്ള വ്യക്തിക്ക് മണിക്കൂറുകൾ കെണ്ടോ ചിലപ്പോൾ ദിവസങ്ങൾ കൊണ്ടോ മാത്രമേ സാധിക്കൂ. ഇന്ന് മൊബൈൽ കൊണ്ടു നടക്കുന്ന പോലെ പഴയകാലങ്ങളിൽ ബുദ്ധിപരമായ വ്യായാമത്തിന് വേണ്ടി എടാകൂടം കൊണ്ടുനടക്കുക പതിവായിരുന്നു. ഗണിതശാസ്ത്രവും തച്ചു ശാസ്ത്രവും സമന്വയിപ്പിച്ചാണ് എടാകൂടം ഉണ്ടാക്കുന്നത്. ലോകകപ്പ് ഫുട്ബാൾ നടക്കുന്ന സന്ദർത്തിൽ പ്രമുഖ ഫുട്ബാൾ താരങ്ങളുടെ ചിത്രംവച്ച ഫുട്ബാൾ രൂപത്തിലുള്ള എടാകൂടം ഉണ്ടാക്കി ഇൽസുംഗ് ശ്രദ്ധ നേടിയിരുന്നു.
എടാകൂടം പ്രദർശനത്തിനായി പല എൻജിനിയറിംഗ് കേളേജുകളിലും കൊണ്ടുപോകാറുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഇത് ഉപയോഗിക്കുമ്പോൾ ബുദ്ധിപരമായ ഉണർവ് ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്. കുട്ടികളെ മൊബൈൽ, കമ്പ്യൂട്ടർ അഡിക്ഷനിൽ നിന്നും രക്ഷിക്കാൻ എന്ത് വില കൊടുത്തും എടാകൂടം വാങ്ങിക്കൊണ്ടു പോകുന്ന മാതാപിതാക്കളുമുണ്ട്. അനുകരണ കലാകാരൻ കൂടിയായ ഇൽസുംഗ് വേദികളിൽ എടാകൂടം സോൾവ് ചെയ്യുന്നതോടൊപ്പം മിമിക്രി കൂടി അവതരിപ്പിക്കാറുണ്ട്.
കേരള സർക്കാരിന്റെ മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഹെറിറ്റേജ് വാക്കിലെ ഫാക്കൽറ്റി കൂടിയാണ് ഇൽസുംഗ്. കുട്ടികളുടെ ശ്രദ്ധ, വിശകലനശേഷി, ക്ഷമ തുടങ്ങിയ വാസനകളെ പരിപോഷിപ്പിക്കാനുള്ള പരിശീലന പരിപാടിയും ഇദ്ദേഹം നടത്തുന്നുണ്ട്. മാള തൻകുളത്ത് താമസിക്കുന്ന ഇൽസുംഗിന്റെ ഭാര്യ സംഗീതയ്ക്കും എടാകൂടത്തിലും മിമിക്രിയിലും താത്പര്യമുണ്ട്. മക്കൾ: ഗില്ലു, ഹയാൻ.