1

തൃശൂർ: ചതുപ്പുകളിലും വയലുകളിലും വളരുന്ന വാതംവരട്ടിയിൽ നിന്ന് ഉയർന്ന ഔഷധമൂല്യമുള്ള രാസസംയുക്തങ്ങൾ വേർതിരിക്കുന്ന പ്രക്രിയയ്ക്ക് കേരള കാർഷിക സർവകലാശാലയ്ക്ക് ഇന്ത്യൻ പേറ്റന്റ്. അസ്ഥിപേശി സംബന്ധമായ നീർവീക്കത്തിന് നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഉപയോഗിക്കുന്ന ഔഷധസസ്യമാണ് വാതംവരട്ടി.

ഈ സസ്യത്തിന്റെ വേരുകൾ, ഇലകൾ, വിത്തുകൾ എന്നിവ വാതരോഗം ഉൾപ്പെടെയുള്ളവ സുഖപ്പെടുത്താൻ ഉപയോഗിക്കുന്നുണ്ടെങ്കിലും രോഗശമനസ്വഭാവത്തിന് കാരണമായ ഘടകങ്ങളും പ്രവർത്തനരീതിയും പഠനവിധേയമാക്കിയിരുന്നില്ല.

രാസഘടകങ്ങൾ ശുദ്ധമായ സംയുക്തങ്ങളായി വേർതിരിച്ചെടുക്കുന്ന പ്രക്രിയയ്ക്കാണ് പേറ്റന്റ് ലഭിച്ചത്. പേറ്റന്റിന് ആധാരമായ പഠനങ്ങൾ വഴി ഈ സസ്യത്തിന്റെ ഔഷധപ്രഭാവം സ്ഥിരീകരിക്കുകയും രാസഘടകങ്ങളുടെ അളവ് നിർണയിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു.

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കാർഷിക സർവകലാശാലയുടെ ഓടക്കാലിയിലുള്ള സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലാണ് ഇതുസംബന്ധിച്ച ഗവേഷണത്തിന് നേതൃത്വം നൽകിയത്. ഡോ. ആൻസി ജോസഫ്, ഡോ. സാമുവേൽ മാത്യു, ഡോ. എ.എം. ചന്ദ്രശേഖരൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.