തൃശൂർ: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുരളീമന്ദിരത്തിൽ കെ. കരുണാകരന്റെ സ്മൃതി മണ്ഡപത്തോട് ചേർന്നുള്ള വേദിയിൽ വച്ച് ബി.ജെ.പിയിൽ ചേർന്നതിനെ കോൺഗ്രസ് കരുത്തോടെ പ്രതിരോധിക്കുമ്പോൾ, ഇ.ഡി, ആദായനികുതി വകുപ്പ് അന്വേഷണങ്ങളെ ശക്തമായ പ്രചാരണത്തോടെ അതിജീവിക്കുകയാണ് ഇടതുമുന്നണി. അതേസമയം, കാലേക്കൂട്ടി പ്രതീക്ഷിച്ചതുപോലെ ക്രൈസ്തവ സമുദായങ്ങൾ ഒപ്പം നിൽക്കുമോ എന്ന ആശങ്കയാണ് ബി.ജെ.പി.യ്ക്കുള്ളത്. താഴെത്തട്ടിൽ പ്രവർത്തകർ കർമ്മനിരതരാകുന്നില്ലെന്ന വിമർശനത്തെ പ്രതിരോധിക്കാനും പ്രചാരണ പരിപാടികളിൽ അവർ ശ്രമിക്കുന്നുണ്ട്.
ഇ.ഡി, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നേതാക്കളെ വേട്ടയാടുന്നതിനെ ഇടതുമുന്നണി യു.ഡി.എഫ് നേതൃത്വം പ്രചാരണവേദികളിൽ ശക്തമായി തുറന്നുകാട്ടുന്നുണ്ട്. പ്രചാരണവേദികളിൽ തീപടർത്തുന്നതും ഈ രാഷ്ട്രീയപ്രസംഗങ്ങളാണ്. അതേസമയം, കരുവന്നൂർ ബാങ്കിലെ തട്ടിപ്പും സി.പി.എമ്മിന്റെ അക്കൗണ്ടുകളെയും സ്ഥാവരജംഗമ വസ്തുക്കളെയും കുറിച്ചുള്ള വിവാദങ്ങൾ ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും വേദികളിലും മുഴങ്ങിക്കേൾക്കുന്നുണ്ട്.
വരുന്നൂ നേതാക്കളുടെ പട
പ്രചാരണത്തെ ചൂടു പിടിപ്പിക്കാനുള്ള തീപ്പൊരി പ്രസംഗങ്ങളും റോഡ് ഷാേകളുമായി ദേശീയ നേതാക്കൾ എത്തുന്നതോടെ പ്രചാരണവഴികളിൽ ആവേശം നിറയും. കഴിഞ്ഞദിവസം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഒല്ലൂരിലെ പ്രസംഗവും റോഡ് ഷാേയും വലിയ ഊർജമാണ് കോൺഗ്രസ് പ്രവർത്തകർക്ക് നൽകിയത്. രാഹുൽ ഗാന്ധി അടക്കം ദേശീയ നേതാക്കളും വരും ദിവസങ്ങളിൽ തൃശൂരിൽ എത്തിയേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി 15ന് കുന്നംകുളത്തെ പൊതുപരിപാടികളിലെത്തുന്നുണ്ട്. അന്നു തന്നെ എൽ.ഡി.എഫ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും തൃശൂരിലെത്തും. ഈയാഴ്ച ഉത്സവങ്ങളുടെ സമയമായതിനാൽ പ്രചാരണത്തിന് റംസാൻ, വിഷു ദിവസങ്ങളിൽ അവധിയാകും.
15 മുതൽ 23 വരെ ഇടതു നേതാക്കൾ
സി.പി.എം അഖിലേന്ത്യാ നേതാക്കൾ ഏപ്രിൽ 15 മുതൽ 23 വരെ സംസ്ഥാനത്തുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, തപൻ സെൻ, സുഭാഷിണി അലി, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജൂ കൃഷ്ണൻ എന്നിവരാണ് കേരളത്തിലെത്തുന്നത്. യെച്ചൂരി ഏപ്രിൽ 16 മുതൽ 21 വരെയുള്ള തീയ്യതികളിൽ നടത്തുന്ന പര്യടനത്തിൽ ആലത്തൂർ, ചാലക്കുടി, മണ്ഡലങ്ങളിലെത്തും. പ്രകാശ് കാരാട്ടും ചാലക്കുടിയിലെത്തും. ബൃന്ദാ കാരാട്ടും ആലത്തൂർ, തൃശൂർ മണ്ഡലങ്ങളിലെ പൊതുസമ്മേളനങ്ങളിൽ പ്രസംഗിക്കും. ചാലക്കുടിയിൽ സുഭാഷിണി അലിയും എത്തും.
മുന്നണികളുടെ കരുതലുകൾ:
പൂരത്തിന്റെ പശ്ചാത്തലത്തിൽ ദേവസ്വങ്ങളുടെയും പൂരപ്രേമികളുടെയും പിന്തുണ
വിവാദവിഷയങ്ങളിൽ കരുതലോടെയുള്ള പ്രതികരണങ്ങളും ഇടപെടലുകളും
അടിത്തട്ടിലെ ഒഴുക്കുകൾ എങ്ങനെയാകുമെന്ന് മുൻകൂട്ടി കാണാനുളള ശ്രമം
തിരഞ്ഞെടുപ്പ് വരെ അണികളിൽ ആവേശം കത്തിച്ചുനിറുത്താനുളള ജാഗ്രത