തൃശൂർ: മഠത്തിൽ വരവ് പഞ്ചവാദ്യത്തിൽ തിച്ചൂർ മോഹനന്റെ ഇടയ്ക്കയിലെ മധുരനാദം ഇക്കുറിയില്ല. നാലു പതിറ്റാണ്ടുകാലം മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു തിച്ചൂർ മോഹനൻ. പല്ലൂവൂർ മണിയൻ മാരാർ, കുഞ്ഞുക്കുട്ടൻ മാരാർ, അന്നമനട പരമേശ്വര മാരാർ (ജൂനിയർ), കേളത്ത് കുട്ടപ്പൻ, ഇപ്പോഴത്തെ പ്രമാണി കോങ്ങാട് മധു എന്നിവരുടെ പഞ്ചവാദ്യ സദസിലെ ഇടയ്ക്കപ്രമാണിയായിരുന്നു മോഹനൻ.
തൃശൂർ പൂരത്തിനു പുറമേ ഉത്രാളിക്കാവ് പൂരം, ഏങ്കക്കാട് വിഭാഗം, ഗുരുവായൂർ ഉത്സവം, നെന്മാറ വേല, ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ, തൃപ്രയാർ, കുറ്റിയങ്കാവ് പൂരം തുടങ്ങി പ്രധാന ഉത്സവങ്ങളിലെല്ലാം പ്രതിഭ തെളിയിച്ചിട്ടുള്ളയാളാണ് തിച്ചൂർ. അറുപതാം വയസിൽ വിടപറയുമ്പോൾ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. വിടവാങ്ങിയ തിച്ചൂരിന് പകരം ഇക്കുറി പാലക്കാട് സ്വദേശി തിരുവാഴിയോട് ശിവനാണ് ഇടയ്ക്ക പ്രമാണം.
കഴിഞ്ഞ വർഷം വരെ പൂരത്തിൽ ഇടയ്ക്ക പ്രമാണം വഹിച്ച അദ്ദേഹം ഡിസംബറിലായിരുന്നു വിട പറഞ്ഞത്. കിള്ളിക്കുറിശ്ശിമംഗലം കോപ്പാട് ഗോവിന്ദൻകുട്ടി പൊതുവാളിന്റെയും തിച്ചൂർ പൊതുവാട്ടിൽ ലക്ഷ്മിക്കുട്ടി പൊതുവാൾസ്യാരുടെയും മകനാണ്. അമ്മാവനായ തിച്ചൂർ കൃഷ്ണൻകുട്ടി പൊതുവാളിൽ നിന്നാണ് താളവാദ്യങ്ങളുടെ ആദ്യപാഠങ്ങൾ പഠിച്ചത്. പുതുക്കോട് രാമകൃഷ്ണൻ മാരാർ, വരവൂർ കുട്ടൻ നായർ, പോക്കാട്ടിരി ദിവാകര പൊതുവാൾ, കലാമണ്ഡലം പരമേശ്വര മാരാർ എന്നിവരും അദ്ദേഹത്തിന്റെ ഗുരുക്കന്മാരാണ്.
പുരസ്കാരങ്ങൾ
വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ, ആലിപ്പറമ്പിൽ ശിവരാമപ്പൊതുവാൾ, ചോറ്റാനിക്കര നാരായണമാരാർ, കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ തുടങ്ങിയ ആചാര്യന്മാരുടെ പേരിലുള്ള പുരസ്‌കാരങ്ങൾ
തിരുവമ്പാടി, ഉത്രാളി എങ്കക്കാട് ദേശം, ഗുരുവായൂർ താലപ്പൊലി സംഘം തുടങ്ങി വിവിധ ആഘോഷക്കമ്മിറ്റികളുടെ സുവർണമുദ്രകൾ
കേരള സംഗീത അക്കാഡമി അവാർഡ്
അതുല്യൻ, മദ്ധ്യസ്ഥൻ
ഇടയ്ക്ക വാദനത്തിൽ പകരം വയ്ക്കാനില്ലാത്ത അതുല്യ കലാകാരൻ. പഞ്ചവാദ്യത്തിലെ കാലപ്രമാണത്തിൽ വിട്ടുവീഴ്ചയില്ലാത്ത കലാകാരനായിരുന്നു. നിലവിലുള്ള കാലം കഴിഞ്ഞ് ഇടയ്ക്കവാദനത്തിന്റെ ഊഴം വരുമ്പോഴും പഞ്ചവാദ്യം കാലമിടുന്ന സമയത്തും മോഹനന്റെ മികവ് വാദ്യാസ്വാധകർ കണ്ടറിഞ്ഞിട്ടുണ്ട്.
വാദ്യനിരയിലെ മുതിർന്നവർ മുതൽ പുതുമുഖങ്ങൾക്ക് വരെ ഏറെ വേണ്ടപ്പെട്ടവനായിരുന്നു. വാദ്യനിരയിലെ സ്ഥാനത്തർക്കം കലഹമുണ്ടാക്കുമ്പോഴെല്ലാം മദ്ധ്യസ്ഥൻ പലപ്പോഴും തിച്ചൂർ മോഹനനായിരുന്നു. അദ്ദേഹത്തെക്കാൾ മുതിർന്നവർ പോലും മോഹനന്റെ വാക്കുകൾ അംഗീകരിച്ചിരുന്നു.