
തൃശൂർ: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ വീടായ പൂങ്കുന്നത്തെ മുരളീ മന്ദിരത്തിൽ വച്ച് മകൾ പത്മജ വേണു ഗോപാൽ ബി.ജെ.പി അംഗത്വം വിതരണം ചെയ്തു. കെ. കരുണാകരനെയും ഭാര്യ കല്ല്യാണിക്കുട്ടി അമ്മയുടെയും സ്മൃതി മണ്ഡപത്തിന് സമീപമാണ് പരിപാടിക്കായി വേദിയൊരുക്കിയത്.
തൃശൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മനു പള്ളത്ത്, അയ്യന്തോൾ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ തുടങ്ങി 30 പേരാണ് ബി.ജെ.പിയിലെത്തിയത്. ബി.ജെ.പി സംസ്ഥാന, ജില്ലാ നേതാക്കളും പങ്കെടുത്തു. പത്മജ വേണുഗോപാലിന്റെ നടപടി തരംതാഴ്ന്ന രാഷ്ട്രീയ പ്രവൃത്തിയാണെന്ന് സഹോദരനും തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ. മുരളീധരൻ പറഞ്ഞു.
സുരേഷ് ഗോപി മുരളീധരനെ തോൽപ്പിക്കും: പത്മജ
തൃശൂരിൽ കെ. മുരളീധരനെ സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ പറഞ്ഞു. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിൽ സ്ത്രീവോട്ടർമാർക്കാണ് കൂടുതൽ ആവേശമുള്ളത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് ഒഴുക്കുണ്ടാകും. തന്നെ ദ്രോഹിച്ച എല്ലാവരും മുരളീധരനെ വിടാതെ പിടികൂടിയിട്ടുണ്ടെന്നും പത്മജ പറഞ്ഞു.
അച്ഛനും അമ്മയും അന്തിയുറങ്ങുന്നയിടം സംഘികൾക്ക് വിട്ടുകൊടുക്കില്ല: കെ. മുരളീധരൻ
അച്ഛനും അമ്മയും അന്തിയുറങ്ങുന്നയിടം സംഘികൾക്ക് വിട്ടുകൊടുക്കില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു. കുടുംബകാര്യം ചർച്ച ചെയ്യേണ്ട സമയമല്ലിത്. 26 കഴിഞ്ഞ് എന്താ ചെയ്യേണ്ടതെന്ന് തനിക്കറിയാം. അച്ഛന്റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്. അമ്മ ഒരിക്കലും രാഷ്ട്രീയകാര്യങ്ങളിൽ ഇടപെട്ടിട്ടില്ല. അച്ഛൻ പറഞ്ഞത് വേദവാക്യമായാണ് അമ്മ കൊണ്ടുനടന്നത്. വർഗീയ ശക്തികളെ തൃശൂരിൽ നിന്ന് തുടച്ചുനീക്കുമെന്ന് അമ്മയുടെ ഓർമ്മദിനത്തിൽ പ്രതിജ്ഞയെടുക്കുന്നു. ബി.ജെ.പിയിൽ പോയത് പത്മജയുടെ കൂടെ നടക്കുന്ന കുറച്ചുപേരാണ്.
ആ സ്മൃതികുടീരത്തിൽ ബി.ജെ.പിക്കാർ പ്രാർത്ഥിച്ചിട്ടുണ്ടെങ്കിൽ അവർക്ക് പിന്നീട് ബുദ്ധിയുണ്ടാകും. മുരളീമന്ദിരത്തിന്റെ ഉടമസ്ഥാവാകാശം തനിക്ക് വേണമെന്ന് നിർബന്ധബുദ്ധി പ്രകടിപ്പിച്ചിട്ടില്ല. അത്യാവശ്യം കഴിഞ്ഞുകൂടാനുളള സ്വത്ത് തനിക്കുണ്ട്. അതെല്ലാം പാർട്ടി തനിക്ക് തന്നതാണെന്നും അദ്ദേഹം പറഞ്ഞു.