തൃശൂർ: വോട്ടെടുപ്പ് ദിവസത്തിന് അഞ്ചുദിവസം മുന്നോടിയായി വോട്ടേഴ്‌സ് സ്ലിപ് ബൂത്ത് ലെവൽ ഓഫീസർമാർ വിതരണം ചെയ്യും. എല്ലാ വീടുകളിലും സ്ലിപ്പുകൾ എത്തുന്നുണ്ടെന്ന് സെക്ടറൽ മജിസ്‌ട്രേറ്റുമാർ നീരിക്ഷിച്ച് ഉറപ്പാക്കും. ഇത്തവണ ബാർ കോഡ്, പോളിംഗ് സ്‌റ്റേഷൻ ലൊക്കേഷൻ സഹിതമാണ് സ്ലിപ്പ് തയ്യാറാക്കുന്നത്. അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും വോട്ടർ സ്ലിപ്പുകളുടെ വിതരണത്തിന് ശേഷം വോട്ടർമാരുടെ അസാന്നിദ്ധ്യം, സ്ഥലംമാറ്റം, മരണം (ആബ്‌സൻസ്, ഷിഫ്റ്റ്, ഡെത്ത് എ.എസ്.ഡി) എന്നിവ ഉൾപ്പെട്ട ലിസ്റ്റ് പ്രിസൈഡിംഗ് ഓഫീസർക്കും സ്ഥാനാർത്ഥികൾക്കും ലഭ്യമാക്കും. ഇത് കൃത്യമായി പരിശോധിച്ചതിന് ശേഷമേ വോട്ട് രേഖപ്പെടുത്താൻ അനുവദിക്കൂ.
ചെലവ് രജിസ്റ്റർ സൂക്ഷിക്കണം
പ്രചാരണത്തിന്റെ ദൈനംദിന ചെലവുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തി നിർബന്ധമായും സൂക്ഷിക്കണം. 10000 രൂപ മുതൽ മുകളിലേക്ക് പണമായി ഇടപാടുകൾ നടത്തരുത്. ഇതിന് മുകളിലുള്ള വരവ് ചെലവുകൾ ഓൺലൈൻ, ഡി.ഡി, ചെക്ക് മുഖേന മാത്രമേ നടത്താവൂ. തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ച റേറ്റ് ചാർട്ട് പ്രകാരമാണ് ചെലവുകൾ കണക്കാക്കുക. 95 ലക്ഷം രൂപ വരെയാണ് ഓരോ സ്ഥാനാർത്ഥിക്കും ചെലവഴിക്കാനാവുക. ഏപ്രിൽ 12, 18, 23 തീയതികളിൽ ചെലവ് സംബന്ധിച്ച പരിശോധന കളക്ടറേറ്റ് എക്‌സിക്യൂട്ടിവ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ ആരംഭിക്കും.
പൊതു നിരീക്ഷക പി. പ്രശാന്തി, പൊലീസ് നിരീക്ഷകൻ സുരേഷ് കുമാർ.എസ്. മെംഗഡെ, ചെലവ് നിരീക്ഷക മാനസി സിംഗ്, സബ് കളക്ടർ മുഹമ്മദ് ഷെഫീക്ക്, അസി. കളക്ടർ കാർത്തിക് പാണിഗ്രാഹി, സ്വതന്ത്ര സ്ഥാനാർത്ഥികളായ എം.എസ്. ജാഫർഖാൻ, ജോഷി വില്ലടം, സ്ഥാനാർത്ഥികളുടെ പ്രതിനിധികളായ കെ.പി. രാജേന്ദ്രൻ, പി.ജി. ഉണ്ണിക്കൃഷ്ണൻ, ടി.വി. ചന്ദ്രമോഹൻ, കെ.വി. ദാസൻ, കെ.ബി. ജയറാം, വിജയൻ മേപ്രത്ത്, രവികുമാർ ഉപ്പാത്ത്, പി.പി. ഉണ്ണിരാജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.