press-meet
കേരള ഇൻഡിപെന്‌റന്‌റ് ഫാർമേഴ്സ് അസോസിയേഷന ജില്ലാ കമ്മറ്റി ഭാരവാഹികൾ ചാലക്കുടി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനം

ചാലക്കുടി: വന്യജീവി ആക്രമണം മൂലം കൃഷി നാശവും ജീവഹാനിയും സംഭവിക്കുന്ന ദുരവസ്ഥയ്ക്ക് പരിഹാരം ആവശ്യപ്പെട്ട് ജില്ലയിലെ മലയോര നിവാസികൾ ശനിയാഴ്ച പ്രതിഷേധ സദസ് സംഘടിപ്പിക്കും. കേരള ഇൻഡിപെന്റന്റ് ഫാർമേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അരൂർമുഴിയിലാണ് പ്രതിഷേധം. സിൽവർ സ്റ്റോം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ജാഥയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുക്കും. ജനിച്ച മണ്ണിൽ നിന്ന് സ്വയം കുടിയൊഴിഞ്ഞു പോകുവാൻ കാർഷിക ജനതയെ നിർബന്ധിതരാക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെയാണ് പ്രക്ഷോഭം. സംരക്ഷിത വനത്തിലെ വാണിജ്യ അടിസ്ഥാനത്തിൽ തേക്ക്, യൂക്കാലി കൃഷിയും മരംമുറിയും അതിനെ തുടർന്നുള്ള റീ പ്‌ളാന്റിങ്ങുമാണ് ജനവാസ മേഖലയിലേയ്ക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നതിന് കാരണമെന്ന് ഇവർ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് ജോസ് വർക്കി, അതിരപ്പിള്ളി യൂണിറ്റ് സെക്രട്ടറി ഫ്രാൻസിസ് പുളിക്കൻ, പ്രോഗ്രാം കൺവീനർ കെ.എം.സെബാസ്റ്റ്യൻ, എ.എ. പിയൂസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

വന്യജീവികളെ നാട്ടിലേക്ക്
ആകർഷിക്കുന്നവ

സ്വകാര്യ വ്യക്തികൾ പാട്ട വ്യവസ്ഥയിൽ പൈനാപ്പിൾ കൃഷി ചെയ്യുന്നത്.
വനം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന സംരക്ഷിത വനത്തിനുള്ളിലെ ട്രക്കിങ്, ജീപ്പ് സഫാരി
സംരക്ഷിത വനത്തിനുള്ളിലെ നിർമ്മാണ പ്രവർത്തനങ്ങൾ
ആവശ്യമായ തീറ്റയും വെള്ളവും ലഭിക്കാത്തത്‌