kv
കെ.വി. രാമനാഥൻ മാസ്റ്റർ.

തൃശൂർ: പ്രമുഖ ബാലസാഹിത്യകാരനും അദ്ധ്യാപകനുമായിരുന്ന കെ.വി. രാമനാഥൻ മാസ്റ്ററുടെ ഓർമ്മകൾക്ക് ഒരാണ്ട്. ആദരം അർഹിക്കുന്നവരാണ് യഥാർത്ഥ അദ്ധ്യാപകരെന്ന മഹത്തായ ആശയം മനസ്സുകളിൽ രൂപപ്പെടുത്തിയ അദ്ദേഹത്തിന്റെ ഓർമ്മകളിലാണ് ശിഷ്യർ. കഥ പറയുമ്പോഴുള്ള അദ്ദേഹത്തിന്റെ ശരീരഭാഷ, ശബ്ദവിന്യാസം, ഭാഷാസ്വാധീനം ഇതെല്ലാം വല്ലാത്തൊരനുഭവമായി അരനൂറ്റാണ്ടിനുശേഷവും തനിയ്ക്കനുഭവപ്പെടുന്നുവെന്ന് ഉണ്ണിക്കൃഷ്ണൻ കിഴുത്താണി ഓർത്തെടുത്തു.
ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌ക്കൂളിൽ പ്രഗത്ഭരുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. മാതൃകാദ്ധ്യാപകരായ വി.പി. ശ്രീധരമേനോൻ, എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ അദ്ധ്യാപനത്തിൽ പുതിയ ചരിത്രം രചിച്ചു. മികച്ച പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തിലും വിശിഷ്യ കലാസാഹിത്യപോഷണത്തിലും ഇവരെല്ലാം അതീവശ്രദ്ധ ചെലുത്തി. മാതൃഭാഷയായ മലയാളത്തിന്റെ ശക്തിയും ചൈതന്യവും പ്രിയശിഷ്യരിലൂടെ കൂടുതൽ പുഷ്‌ക്കലമായിത്തീരണമെന്ന ആത്മാർത്ഥമായ ആഗ്രഹമാണദ്ദേഹം സഫലമാക്കിയത്. കഥ, കവിത വായനയിലൂടെ പുതിയ വായനാവസന്തം വിടർത്തിയതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ശിഷ്യരാണ് വിലപിടിച്ച സമ്പാദ്യമെന്ന് വിശ്വസിച്ചിരുന്ന മാസ്റ്ററുടെ ശിഷ്യപ്രധാനികളായ ഗായകൻ പി. ജയചന്ദ്രനും മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണനും ഡോ. വി.പി. ഗംഗാധരനും മറ്റും പുതിയ ചരിത്രം സൃഷ്ടിച്ചവരാണെന്നും ഉണ്ണിക്കൃഷ്ണൻ സ്മരിച്ചു.