ചാലക്കുടി: അതിരപ്പിള്ളി പൊകലപ്പാറയിൽ സ്വകാര്യ ബസിന്റെ യാത്ര വൈകിപ്പിച്ച് മഞ്ഞക്കൊമ്പൻ. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് പൊരിങ്ങൽക്കുത്തിൽ നിന്നും ചാലക്കുടിയിലേക്ക് വരികയായിരുന്ന കൃഷ്ണ എന്ന സ്വകാര്യ ബസ് ആനയെ കണ്ട് നിറത്തിയിട്ടത്. 15 മിനിറ്റോളം വഴിയിൽ ബസിനെ വഴിയിൽ തടഞ്ഞ ആന ഒരുതവണ മസ്തകം കുലുക്കി പാഞ്ഞടുത്തുവെന്ന് യാത്രക്കാർ വിശദീകരിച്ചു.
ആന ആക്രമിക്കുമോയെന്ന് ഭയന്ന് ഡ്രൈവർ വിനോജ് ലാലിന് കുറച്ചു ദൂരം ബസ് പിന്നിലേക്ക് എടുക്കേണ്ടി വന്നു. പ്രളയകാലത്ത് ചാലക്കുടിപ്പുഴയിൽ ഒഴുക്കിൽ അകപ്പെട്ട് ശ്രദ്ധേയനായ ആനയാണ് മഞ്ഞക്കൊമ്പൻ. കാട്ടിൽ നിന്നും ഇറങ്ങവേ ആനയുടെ കാലിൽ പലവട്ടം കേബിൾ കുടുങ്ങി. ഇതിന്റെ അസ്വസ്ഥത കൂടിയാണ് വഴിയിൽ നിൽക്കാൻ കാരണമെന്ന് കരുതുന്നു. സാധാരണ ഉപദ്രവകാരിയല്ലാത്ത ആനയ്ക്ക് നീരിന്റെ ലക്ഷണമുണ്ടത്രെ.
പ്ലാന്റേഷൻ മേഖലയിലാണ് കൂടുതലായും മഞ്ഞക്കൊമ്പനെ കണ്ടുവരുന്നത്. തിങ്കളാഴ്ച രാത്രി പൊരിങ്ങൽക്കുത്തിലേക്ക് പോകുമ്പോൾ പൊകലപ്പാറയിൽ തന്നെ മറ്റൊരു കാട്ടാന റോഡരികിൽ നിലയുറപ്പിച്ചതും ഇതേ ബസിന്റെ യാത്രയ്ക്ക് തടസമായിരുന്നു.