അന്തിക്കാട് : പഞ്ചായത്ത് പരിധിയിൽ കുടിവെള്ള പൈപ്പിടാനായി പൊളിച്ച റോഡുകൾ പൂർവ സ്ഥിതിയിലാക്കാത്തത് മൂലം ജനങ്ങൾ ദുരിതത്തിൽ. കുടിവെള്ള പൈപ്പിടാനായി റോഡിൽ പൊളിച്ച ഭാഗങ്ങളിൽ മെറ്റലും പാറമണലും കൊണ്ടു വന്ന് തള്ളി മാസങ്ങൾ കടന്നുപോയിട്ടും പൊളിച്ച ഭാഗങ്ങളിൽ ടാറിംഗ് നടത്താത്തത് മൂലം ജനം ദുരിതപർവം താണ്ടുന്നത്. പാറപ്പൊടി മൂലമുണ്ടാകുന്ന പൊടി ശല്ല്യത്തിന് പുറമെ അതിലിട്ട മെറ്റൽ ചീളുകൾ ഇളകിക്കിടക്കുന്നത് മൂലവും യാത്രാദുരിതമുണ്ടാകുകയാണ്.
അന്തിക്കാട് പഞ്ചായത്തിലെ മിക്ക റോഡുകളും തകർന്ന അവസ്ഥയിലാണുള്ളത്. വീതി കുറഞ്ഞ പല റോഡുകളിലും വാഹനങ്ങൾക്ക് പരസ്പരം സൈഡ് കൊടുക്കാൻ പോലും ഏറെ ബുദ്ധിമുട്ടേണ്ട സ്ഥിതിയാണ്. ഇതിനിടെയാണ് പൈപ്പിടാനായി റോഡ് ഭാഗങ്ങൾ പൊളിച്ചത്. ഈ ഭാഗങ്ങളിലെല്ലാം പാറപ്പൊടിയും മെറ്റലും തട്ടിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെയും ടാറിംഗ് നടത്തിയില്ല. പാറപ്പൊടിയും മെറ്റലും തള്ളിയ ഭാഗങ്ങളിലെ മെറ്റൽ ചീളുകൾ റോഡിലേക്ക് തെറിച്ച് വീണ് ഇരുചക്രവാഹന കാൽനടയാത്രക്കാരും മറ്റും അപകടത്തിൽ പെടുന്നത് പതിവാണ്. പൈപ്പിടാൻ പൊളിച്ച ഭാഗങ്ങൾ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുന്ന കാര്യത്തിൽ ജല അതോറിറ്റി അധികൃതരുടെ ഭാഗത്ത് നിന്നും അനാസ്ഥ ഉണ്ടായതായും ഇക്കാര്യത്താൽ പഞ്ചായത്ത് ഇടപെട്ട് എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
നിരവധി ആളുകൾക്ക് ദുരിതം
അന്തിക്കാട് പഞ്ചായത്ത് ഓഫീസ്, വെറ്ററിനറി പോളിക്ലിനിക്, മിനി സിവിൽ സ്റ്റേഷനിലെ കൃഷിഭവൻ, വില്ലേജ് ഓഫീസ്, എക്‌സൈസ് ഓഫീസ് തുടങ്ങിയ ഓഫീസുകളിലേക്ക് ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കായി നൂറുകണക്കിനാളുകളാണ് വന്നു പോകുന്നത്. ഇവരാണ് റോഡിലെ ദുരിതാവസ്ഥ മൂലം ഏറെ പണിപ്പെടുന്നത്.
കുഴിയെടുത്ത റോഡിന്റെ ഭാഗങ്ങളിൽ ടാറിംഗ് നടത്തുന്നതിനായി പഞ്ചായത്ത് നിരന്തരം ഇടപെടുന്നുണ്ട്. ഇനിയും കുറച്ച് ഭാഗങ്ങളിൽ കൂടി പൈപ്പ് ഇടേണ്ടതുണ്ട്. അത് ഉടൻ പൂർത്തീകരിച്ച ശേഷം കാലതാമസം കൂടാതെ ടാറിംഗ് ജോലികൾ നടത്തുമെന്ന് ജല അതോറിറ്റി അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.
- ജീന നന്ദൻ
(അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ്)