കുന്നംകുളം: കുന്നംകുളം നഗരത്തിൽ പടക്ക നിർമ്മാണശാലകളിൽ റവന്യൂ ദുരന്തനിവാരണ വകുപ്പും കുന്നംകുളം പൊലീസും സംയുക്തമായി വ്യാപക പരിശോധന നടത്തി. തിരഞ്ഞെടുപ്പ്,പ്രധാനമന്ത്രിയുടെ സന്ദർശനം, വിഷു എന്നിവയുടെ ഭാഗമായാണ് പരിശോധന.
അനുമതി ലഭിച്ച അളവിൽ കൂടുതൽ പടക്കം സൂക്ഷിക്കുക, പടക്ക നിർമ്മാണശാലയുടെ രേഖകൾ എന്നിവയാണ് സംഘം പരിശോധിച്ചത്. കുന്നംകുളം നഗരത്തിൽ മാത്രം ആറോളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ചൂണ്ടൽ എരുമപ്പെട്ടി തുടങ്ങി കുന്നംകുളം താലൂക്കിന് കീഴിൽ വരുന്ന സ്ഥലങ്ങളിലെ പടക്ക നിർമ്മാണശാലകളിലും സംഘം പരിശോധന നടത്തും. രാവിലെ 10 മണി മുതലാണ് പരിശോധന ആരംഭിച്ചത്. പരിശോധന വൈകിട്ട് അഞ്ചുമണിവരെ നീണ്ടുന്നു. വരുംദിവസങ്ങളിലും ഈ മേഖലയിലെ പടക്കം നിർമ്മാണശാലകളിൽ പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കുന്നംകുളം താലൂക്ക് ദുരന്തനിവാരണ ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് കുമാർ, കുന്നംകുളം സബ് ഇൻസ്‌പെക്ടർ എ.എ. ബെന്നി, താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥൻ ഡേവിസ്, സിവിൽ പൊലീസ് ഓഫീസർമാരായ ജോസ് ചാൾസ്, ഷെഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.