ചേർപ്പ്: വേനൽ കനത്തതോടെ ചേർപ്പ് മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. കിണറുകളിൽ വെള്ളമില്ലാതായതോടെ ജനങ്ങൾ പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ പ്രയാസപ്പെടുകയാണ്. കിലോമീറ്ററുകൾക്ക് അപ്പുറത്ത് നിന്ന് കുടിവെള്ളം കൊണ്ടുവരേണ്ട അവസ്ഥയും നിലനിൽക്കുന്നു. ജല അതോറിറ്റിയുടെയും ജലജീവൻ മിഷൻ പദ്ധതി വഴിയുള്ള വെള്ളവും നിലച്ചതോടെയാണ് കുടിവെള്ളം കിട്ടാതെയുള്ള ദുരിതം ഏറിയത്. ചേർപ്പ്, പടിഞ്ഞാട്ടുമുറി, ഭഗവതി ക്ഷേത്ര പരിസരം, മുത്തുള്ളിയാൽ, തോപ്പ്, പടിഞ്ഞാറെ പെരുമ്പിള്ളിശ്ശേരി, ഹെർബർട്ട് കനാൽ തുടങ്ങിയ ഇടങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്. പൊതു ടാപ്പുകളിലും വീടുകളിലേക്കുള്ള ജലജീവൻ പദ്ധതി വഴിയുള്ള പൈപ്പുകളിലും കുടിവെള്ളം ലഭ്യമല്ലാത്തത് ജനജീവിതത്തെ വലയ്ക്കുകയാണ്. വേനൽ രൂക്ഷമായിട്ടും ചേർപ്പ് പഞ്ചായത്ത് അധികൃതർ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടില്ലെന്ന ആരോപണവുമുണ്ട്. ടാങ്കർ വഴി വെള്ളം വീടുകളിലെത്തിച്ചാൽ ഒരു പരിധിവരെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനാകും.
ചേർപ്പ് ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം ഉണ്ട്. പെരുവനം ചിറ പൊട്ടിക്കുന്നതിനാലാണ് ഈ പ്രശ്നമുണ്ടാകുന്നത്. ഇത് പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും.
-സുജിഷ കള്ളിയത്ത്
(ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ്)