തൃശൂർ: 40 ഡിഗ്രി കടന്ന് സൂര്യൻ മണ്ണിനെയും മനുഷ്യനെയും ചുട്ടുപൊള്ളിക്കുമ്പോൾ പുല്ലുവഴി പാടത്തിന്റെ വരമ്പുകളിലും റോഡിലുമായി നിരയായി പൂത്തുലഞ്ഞ് സൂര്യകാന്തി..! പുല്ലഴി കോൾപ്പടവിലെ ബണ്ടിന്റെ അരികിലും ഫാം റോഡിലുമായി ആയിരക്കണക്കിന് ചെടികൾ. വൈകിട്ട് പൂക്കൾ കാണാനും സെൽഫിയെടുക്കാനും തിരക്കാണ്.
നല്ല വെയിൽ വേണമെങ്കിലും കൊടുംചൂടിൽ ചെറുതായി വാടും. രണ്ടു നേരം നനയ്ക്കുന്നതിനാൽ തളിർത്തുനിൽക്കും. ജില്ലാ കോൾകർഷക സംഘം സെക്രട്ടറിയും പുല്ലഴി കോൾപ്പടവ് സഹകരണസംഘം പ്രസിഡന്റുമായ കൊളങ്ങാട്ട് ഗോപിനാഥൻ അഞ്ച് വർഷം മുൻപാണ് സൂര്യകാന്തിക്കൃഷി തുടങ്ങിയത്. 900 ഏക്കറിലാണ് പുല്ലഴിയിലെ നെൽക്കൃഷി. വരമ്പിൽ വളക്കൂറുണ്ട്. ജനുവരിയിലാണ് വിത്തിട്ടത്. കഴിഞ്ഞമാസം പൂത്തു. ഈ മാസം വിത്ത് വിളവെടുത്ത് ആട്ടി എണ്ണ വിൽക്കും. കടകളിൽ കിട്ടുന്ന സൂര്യകാന്തി എണ്ണയേക്കാൾ മികച്ചതാണ്. നാട്ടുകാർ മൊത്തം വാങ്ങും. തമിഴ്‌നാട്ടിലും കർണാടകത്തിലും ശാസ്ത്രീയമായി ഉത്പാദിപ്പിക്കുന്ന വിത്താണ് കൃഷിക്ക് ഉപയോഗിക്കുന്നത്. അതിന് കിലോയ്ക്ക് 1400രൂപ നൽകണം. കൃഷിക്ക് മറ്റ് ചെലവുകളില്ല.
വിത്ത്, എണ്ണ
വിതച്ചത് 2 കിലോ വിത്ത്
ഒരു വലിയ പൂവിൽ 800 ഗ്രാം വിത്ത്
വിളവ് ഏകദേശം 800 കിലോ വിത്ത്
ഒരു കിലോ വിത്തിൽ 350 ഗ്രാം എണ്ണ
കിട്ടുന്നത് ഏകദേശം 280 ലിറ്റർ എണ്ണ
ഒരു ലിറ്റർ എണ്ണയ്ക്ക് 110- 150 രൂപ
ഏകദേശ വരുമാനം 40,000രൂപ
കൃഷിവിളവെടുപ്പ്
വേനലിൽ തരിശുഭൂമിയിൽ കൃഷിയിറക്കാം
തടത്തിൽ വെള്ളം കെട്ടരുത്.
വളം വേണ്ട. വെയിൽ കൂടുമ്പോൾ നനയ്ക്കണം
പൂക്കൾ ഉണക്കി തല്ലി വിത്തെടുക്കാം
ഗുണങ്ങളേറെ
കീടങ്ങളെ സൂര്യകാന്തി ആകർഷിക്കും
നെല്ലിന് കീടബാധ കുറയും
സൂര്യകാന്തിക്ക് കീട പ്രതിരോധ ശേഷി
കീടനാശിനി കുറയ്ക്കുന്നത് നെല്ലിന് നല്ലത
കർഷകർക്ക് വരുമാനം
ഫാം ടൂറിസം സാദ്ധ്യത
പുല്ലഴിയിലെ മറ്റ് കൃഷികൾ:
ഉള്ളി, പയർ, പാവയ്ക്ക, സാമ്പാർ പരിപ്പ്, കടുക്
അയ്യന്തോൾ കൃഷിഭവന്റെയും ജനപ്രതിനിധികളുടെയും സഹായത്തോടെയാണ് കൃഷി. മറുനാടുകളിലുള്ള എല്ലാ കൃഷിയും ചെയ്യണമെന്നാണ് ആഗ്രഹം.
- കൊളങ്ങാട്ട് ഗോപിനാഥൻ