perunal
പെരുന്നാളിന് പഴുവിൽ വെസ്റ്റ് ജുമാ മസ്ജിദ് അങ്കണത്തിൽ നടന്ന സ്‌നേഹസംഗമം.

പഴുവിൽ: പെരുന്നാളിന് പൂച്ചെണ്ട് സമ്മാനിച്ച് പഴുവിൽ ഫൊറോന പള്ളി ഭാരവാഹികളും സുബ്രഹ്മണ്യ സ്വാമിക്ഷേത്രം ഉപദേശക സമിതിയും പഴുവിൽ വെസ്റ്റ് ജുമാ മസ്ജിദ് അങ്കണത്തിലെത്തി. മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും സുന്ദര സന്ദേശം കൈമാറാനെത്തിയ ക്ഷേത്രം ഭാരവാഹികളെയും ഫൊറോന പള്ളി വികാരിയെയും കമ്മിറ്റി അംഗങ്ങളെയും പായസം നൽകിയാണ് മഹല്ല് കമ്മിറ്റി എതിരേറ്റത്. തുടർന്ന് സ്‌നേഹസംഗമം പഴുവിൽ വെസ്റ്റ് ജുമാ മസ്ജിദ് ഖത്തീബ് ഷാഹുൽ ഹമീദ് ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മിറ്റി സെക്രട്ടറി അബ്ദുൾ സലാം കക്കേരി അദ്ധ്യക്ഷത വഹിച്ചു.

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ.വിൻസെന്റ് ചെറുവത്തൂർ, പഴുവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പി.എ ദേവിദാസ്, മഹല്ല് കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ ലത്തീഫ്, ഓസ്റ്റിൻ മാസ്റ്റർ, പള്ളി ട്രസ്റ്റിമാരായ റാഫി ആലപ്പാട്, ജയിംസ് ചാലിശ്ശേരി, മദ്രസ അദ്ധ്യാപകരായ സുഹൈൽ നിസാമി, ജബ്ബാർ മൗലവി, ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ എൻ.ഐ.രാധാകൃഷ്ണൻ, എ.ബി.ജയപ്രകാശ് എന്നിവർ സംസാരിച്ചു.