pot

ചേലക്കര: തെളിമയും കുളിർമ്മയുമുള്ള കിണർവെള്ളം ഉറപ്പുവരുത്താൻ കളിമൺ റിംഗുകൾ തയ്യാറാക്കി കിണറ്റിൽ ഇറക്കി കൊടുക്കുന്ന തിരക്കിലാണ് മൺപാത്ര നിർമ്മാണ തൊഴിലാളി കൃഷ്ണൻകുട്ടി. വാഹന അപകടത്തിൽ കാൽമുട്ടിന് താഴെ നഷ്ടപ്പെട്ട് കൃത്രിമ കാലിന്റെ സഹായത്താൽ അതിജീവിക്കുന്ന ഇദ്ദേഹം ചേലക്കര ആറ്റൂർ കമ്പനിപ്പടി അസുരംകുണ്ട് ഡാം റോഡ് വക്കിലെ നിധിൻ പോട്ടറി വർക്‌സ് നടത്തിപ്പുകാരനാണ്.

മറ്റ് മൺപാത്രങ്ങൾക്കൊപ്പം ഇദ്ദേഹം നിർമ്മിക്കുന്ന കളിമൺ റിംഗുകൾക്ക് ആവശ്യക്കാരേറെ. മൂന്നര, നാലര, അഞ്ചര, ആറ് അടി വ്യാസവും ഒന്നേകാൽ അടി ഉയരത്തിലുമുള്ള റിംഗാണ് നിർമ്മിക്കുന്നത്. അടിഭാഗം രണ്ടിഞ്ചും മുകൾ ഭാഗം നാല് ഇഞ്ചും കനമാണ് റിംഗിന്. 4000 രൂപ മുതൽ വിലയുണ്ട് ഓരോ റിംഗിനും.

വിവിധ ജില്ലകളിൽ നിന്നെത്തിക്കുന്ന നാല് തരം കളിമണ്ണുകൾ കൂട്ടിയിളക്കി അവയിൽ അടങ്ങിയ മണലിന്റെ അളവും കൃത്യമായി തിട്ടപ്പെടുത്തി യന്ത്രത്തിൽ ഇട്ട് അരച്ച് പാകപ്പെടുത്തി അച്ചിൽ വെച്ച് രൂപത്തിലാക്കി ഇടയ്ക്കിടക്ക് ദ്വാരങ്ങളിട്ടാണ് റിംഗ് വാർക്കുന്നത്. നന്നായി ഉണക്കി ചൂളയിൽ അടുക്കി മറ്റ് മൺപാത്രങ്ങൾ ഉള്ളിൽ നിറച്ചു വേണ്ട രീതിയിൽ പാകത്തിന് തീ കൊടുത്താണ് നാലാം ദിനം ചൂളയിൽ നിന്നും റിംഗ് പുറത്തെടുക്കുന്നത്.

കിണറിന്റെ വ്യാപ്തമനുസരിച്ച് റിംഗുകൾ ഓരോന്നായി ചെളികോരി മാറ്റി വൃത്തിയാക്കി കിണറ്റിൽ ഇറക്കും. ചുറ്റിലും ചെറു മെറ്റൽ ഇട്ട് നിറയ്ക്കും. ഇപ്രകാരം റിംഗ് ഇറക്കിയ കിണറിൽ മെറ്റലിലൂടെ അരിച്ച് റിംഗിന്റെ സുഷിരങ്ങളിലൂടെ കിണറിൽ ഇറങ്ങുന്ന തെളിനീരിന് നല്ല കുളിർമ്മയും ഉണ്ടാകും. നല്ല പാകത്തിലെടുക്കുന്ന കളിമൺ റിംഗ് ഇറക്കി പണിതീർത്തവയ്ക്ക് നിരവധി വർഷം കേടുപാടുമുണ്ടാകില്ല. ഉറവ മാറിക്കയറി, വെള്ളം ചീത്തയായ ഇടങ്ങളിൽ ഇത്തരം റിംഗുകൾ ഗുണം ചെയ്യാറുണ്ട്. ഉപയോഗിക്കുന്ന റിംഗുകളുടെ എണ്ണം അനുസരിച്ച് 40,000 രൂപ വരെ വരും ഓരോ കിണറിന്റെയും ചെലവ്.

എല്ലാ വിധ മൺപാത്ര നിർമ്മാണത്തിലും വിദഗ്ദ്ധനായ കൃഷ്ണൻകുട്ടി, പൂജകൾക്ക് ഉപയോഗിക്കുന്ന കിണ്ടി, തളിക, പാത്രങ്ങൾ, ചട്ടികൾ ഉൾപ്പെടെ കളിമണ്ണിൽ നിർമ്മിക്കാറുണ്ട്.

ഉറവ മാറിക്കയറി, വെള്ളം ചീത്തയായ ഇടങ്ങളിൽ ഇത്തരം റിംഗുകൾ ഗുണം ചെയ്യാറുണ്ട്. കുളിർമയാർന്ന തെളിനീർ ലഭ്യമാകുമെന്നതിൽ യാതൊരു സന്ദേഹവും വേണ്ട

കൃഷ്ണൻകുട്ടി