മേലൂർ: വേറിട്ട കൃഷിരീതി പരീക്ഷിച്ച മോഹനേട്ടന് വിഷുക്കൈനീട്ടമായി ലഭിച്ചത് മികവിന്റെ വിളവ്. സംസ്ഥാന സർക്കാരിന്റെ പ്രിസിഷൻ ഫാമിംഗ് സിസ്റ്റമാണ്(കൃത്യതാകൃഷി) പരീക്ഷണാടിസ്ഥാനത്തിൽ മോഹനൻ കൃഷിയിടത്തിൽ പ്രയോഗിച്ചത്. ഈ രീതി നടപ്പാക്കിയപ്പോൾ കൃഷിയുടെ ദൈനംദിന ചിലവുകൾ ഗണ്യമായി കുറഞ്ഞു. മൂന്നുമാസം മുമ്പ് തുടങ്ങിയതാണ് പാവലം,പടവലം, കത്തിരിയ്ക്ക തുടങ്ങിയവയുടെ കൃഷി. മേലൂരിലെ കാർഷിക പ്രേമി ഇതിൽ നിന്ന് പലവട്ടം വിളവെടുത്ത് കഴിഞ്ഞു. മോമ്പൊടിയായി ഓരം ചേർന്ന് ചുരയ്ക്കയും പടർന്നു കയറിയിട്ടുണ്ട്. ഇടവിളയായി ചീരയുമുണ്ട്. പന്തൽപ്പാടത്തെ നാലേക്കർ പാട്ടക്കൃഷിയിടത്തിൽ നടക്കുന്ന പയർ കൃഷിയുടെ വിളവെടുപ്പ് താമസമില്ലാതെ തുടങ്ങും. തൊട്ടടുത്ത ചാലിപ്പാടത്തെ നാൽപ്പത് ഏക്കറിൽ കപ്പകൃഷിയും പച്ചപിടിക്കുന്നതായി മോഹനൻ പറഞ്ഞു. കടുത്ത വേനലിലും മികച്ച ആദായമുണ്ടായതിന്റെ ആഹ്ലാദത്തിലാണ് 65 കാരൻ പൂലാനിയിലെ പെരിങ്ങാത്ര മോഹനൻ. അര നൂറ്റാണ്ടായി കൃഷിയിൽ വ്യാപൃതനാണ് ഇദ്ദേഹം. പൂലാനിയിലെ വീടിന്റെ എതിർഭാഗത്തെ ഒന്നര ഏക്കർ തോട്ടത്തിലാണ് ഈ പരീക്ഷണം. പ്രിസിഷൻ ഫാമിംഗ് സിസ്റ്റം നടപ്പിലാക്കിയപ്പോൾ വെള്ളവും വളവും പൈപ്പുകൾ വഴി തോട്ടിത്തിലുടനീളം ചെന്നെത്തുന്നു. കൃഷി നനയ്ക്കാൻ രണ്ടുനേരം ജോലിക്കാരുടെ ആവശ്യമില്ല. 2018ലും 19ലും മോഹനേട്ടന്റെ കൃഷികളെ പ്രളയം വിഴുങ്ങിയപ്പോൾ സംഭവിച്ചത് 36 ലക്ഷത്തിന്റെ നഷ്ടം. 6.5 ലക്ഷം രൂപ നഷ്ട പരിഹാരമായി കൃഷി വകുപ്പിൽ നിന്ന് ലഭിച്ചെങ്കിലും ബാദ്ധ്യതയായത് പതിനാല് ലക്ഷവും.

കൃത്യതാകൃഷി

ചെടികളുടെ വളർച്ചയ്ക്കാവശ്യമായ ജലം, പോഷകമൂല്യങ്ങൾ എന്നിവ കൃത്യമായ സമയത്ത് കൃത്യമായ അളവിലും രീതിയിലും സസ്യങ്ങൾക്ക് നൽകുന്ന കൃഷിസമ്പ്രദായമാണ് കൃത്യതാകൃഷി. സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിയിടത്തിന്റെ പ്രദേശികവും കാലികവുമായ വ്യതിയാനങ്ങൾ മനസിലാക്കി അവയെ സമന്വയിപ്പിച്ച് ശാസ്ത്രീയമായി കൃഷി ചെയ്യുന്നു. ജലസേചനത്തിനായി ഡ്രിപ്പും ജലസേചനത്തിനൊപ്പം രാസവളങ്ങളും നൽകുന്ന ഫെർട്ടിഗേഷൻ (വളസേചന) സംവിധാനവുമാണ് ഈ കൃഷിരീതിക്ക് ഉപയോഗിക്കുന്നത്. പോളിഹൗസുകളിലും തുറസായ സ്ഥലത്തും ഇത് നടത്താം.

കാലാവസ്ഥയുടെ പൊരുത്തക്കേടുകൾ പ്രതികൂലമാകുമ്പോഴും കഠിനാദ്ധ്വാനത്തിന് പ്രയോജനം കിട്ടുന്നു. കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയും ഇപ്പോഴത്തെ കൃഷി സംവിധാനത്തിൽ ആശ്വാസമാണ്.

- മോഹനൻ പെരിങ്ങാത്ര