ചേലക്കര: എളനാട് പതിമൂന്നാം വാർഡ് നീളംപള്ളിയാൽ താണിക്കുണ്ട് പ്രദേശത്ത് കൃഷിയിടത്തിൻ പുലിയെ കണ്ടതായി കർഷകർ. ചൊവ്വാഴ്ച രാത്രി 10ന് കർഷകനായ ജോസഫ്, രാജൻ എന്നിവരാണ് പുലിയെ കണ്ടത്. കൃഷിയിടത്തിൽ മോട്ടർ ഒഫ് ചെയ്യാൻ പോയപ്പോഴാണ് ടോർച്ചിന്റെ വെളിച്ചത്തിൽ പുലിയെ തിരിച്ചറിഞ്ഞതെന്ന് ഇരുവരും പറയുന്നു. എന്നാൽ വനപാലകരെത്തി നടത്തിയ പരിശോധനയിൽ കാൽപ്പാടുകളൊന്നും കണ്ടെത്തിയില്ല. മേഖലയിൽ വന്യജീവികളുടെ ആക്രമണത്തിൽ കൃഷി നാശം തുടരുന്ന വേളയിൽ പുലിയെ കണ്ടതോടെ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് എളനാട് മച്ചാട് റേഞ്ച് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ പരാതി നൽകി. പ്രദേശവാസികൾ പഞ്ചായത്തംഗം സി. ശ്രീകുമാറിനൊപ്പം പൊതുപ്രവർത്തകരായ സജിത്ത്, എൽദോ, ടി.പി. സുരേഷ് കുമാർ, ടി. രാംകുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.