1

തൃശൂർ: ചെറിയ പെരുന്നാൾ ആശംസകളും ഈദ്ഗാഹുകളിലെ സന്ദർശനവുമായി സ്ഥാനാർത്ഥികൾ. ഇന്നലെ രാവിലെ ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന ഈദ് ഗാഹിലും മുതുവട്ടൂർ ജുമാ മസ്ജിദ് രാജ ഹാളിലും സംഘടിപ്പിച്ച ഈദ് ഗാഹിലും പങ്കെടുത്ത ഇടത് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ പിന്നീട് ബ്ലാങ്ങാട് ജുമാ മസ്ജിദിലും മണത്തല ജുമാ മസ്ജിദിലും സംഘടിപ്പിച്ച ഈദ് ഗാഹിൽ പങ്കെടുത്തു.

യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ പാലസ് ഗ്രൗണ്ടിലെ ഈദ് ഗാഹിലെത്തി. പെരുന്നാൾ ദിനത്തിൽ ഗ്രൗണ്ടിൽ കുട്ടികൾ കെ. മുരളീധരൻ എന്നെഴുതിയ ബലൂണുകളുമായാണ് അദ്ദേഹത്തെ എതിരേറ്റത്. അതേസമയം പെരുന്നാൾ ആശംസകൾ നേർന്നും പാർട്ടി യോഗങ്ങളിൽ പങ്കെടുത്തും പ്രചാരണം കൊഴുപ്പിക്കുകയാണ് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഏതാനും ദിവസമായി വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുക്കുന്ന സുരേഷ് ഗോപി വിവിധ സംഘടനാ ചർച്ചകളിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ നടത്തേണ്ട പ്രചാരണ പ്രവർത്തനവും നടത്തി.

ഉച്ചയ്ക്ക് ശേഷം തൃശൂർ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി മുരളീധരൻ, നഗരമദ്ധ്യത്തിലെ തേക്കിൻകാട് ഡിവിഷനിൽ വീടുകൾ കയറി വോട്ടഭ്യർത്ഥിച്ചു.