പാവറട്ടി: സംസ്ഥാന തലത്തിൽ സ്‌കൂൾ വിദ്യാഭ്യാസ രംഗത്തെ മികച്ച സേവന പ്രവർത്തനങ്ങളോടെ എൻ.ആർ.അജിത് പ്രസാദ് മാസ്റ്റർ മുല്ലശ്ശേരി ഹിന്ദു യു.പി.സ്‌കൂളിൽ നിന്ന് വിരമിച്ചു. 2000 മുതൽ ജില്ലയിലെ സയൻസ് ഡി.ആർ.ജി തലം റിസോഴ്‌സ് പേഴ്‌സണായി 20 വർഷം പ്രവർത്തിച്ചു. സ്‌കൂളിന്റെ പ്രധാന കെട്ടിടങ്ങളുടെ നവീകരണ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിച്ചു. 2011 മുതൽ പ്രൈമറി സെക്കൻഡറി അദ്ധ്യാപകർക്കായി നടത്തപ്പെട്ട ശാക്തീകരണ പ്രവർത്തനത്തിന്റെ പരിശീലന മോഡ്യൂൾ തയ്യാറാക്കിയ കോർ ഗ്രൂപ്പിൽ നേതൃത്വപരമായ പങ്കുവഹിച്ചു. 2013 മുതൽ 2016 വരെ നീണ്ടുനിന്ന കേരള കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. നാലാം ക്ലാസിലെ 'പരിസര പഠനം' എന്ന പാഠപുസ്തകത്തിന്റെയും അഞ്ചാം ക്ലാസിലെ 'അടിസ്ഥാനശാസ്ത്രം' പാഠപുസ്തകത്തിന്റെയും, പ്രീ പ്രൈമറി അദ്ധ്യാപകർക്കുള്ള കൈപ്പുസ്തകത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. കെ.പി.എസ്.ടി.എ എന്ന അദ്ധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാന കൗൺസിൽ അംഗം, റവന്യൂ ജില്ലയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മുല്ലശ്ശേരി പറമ്പൻ തളി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മുല്ലശ്ശേരി കേരള കൗമുദി റീഡേഴ്‌സ് ക്ലബ്ബ് പ്രസിഡന്റാണ്. ദീർഘകാലം അവിഭക്ത ചാവക്കാട് എസ്.എൻ.ഡി.പി യൂണിയനിൽ നിന്നുള്ള എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ആദ്യകാല കേരള കൗമുദി ഏജന്റ് ആയിരുന്നു.