കല്ലൂർ: വിഷുവിപണി പ്രതീക്ഷിച്ച് കൃഷി ചെയ്ത പടവലങ്ങ വാങ്ങാൻ ആളില്ലാതെയും വിലയിടിഞ്ഞതിനാലും നശിക്കുന്നു. തൃക്കൂർ ആലേങ്ങാട്ടെ പടവലങ്ങ കർഷകർക്കാണ് ഈ ദുരവസ്ഥ. ഇങ്ങനെ ആലേങ്ങാട്ടെ മൂന്ന് ടൺ പടവലങ്ങയാണ് തോട്ടത്തിൽ കിടന്ന് നശിക്കുന്നത്. വിഷുവിപണി കണക്കാക്കി ഏഴേക്കറിലാണ് കൃഷി ചെയ്തത്. ഭരത സ്വദേശി സതീശനും കൂട്ടുകാരും ചെയ്ത കൃഷിയിൽ ഏറ്റവും വിലയിടിവ് പടവലത്തിനായിരുന്നു. കിലോഗ്രാമിന് ഏഴ് രൂപയിൽ താഴെ മാത്രമാണ് ഇപ്പോൾ വില. ഈ വിലയ്ക്ക് മാർക്കറ്റിലെത്തിച്ചാൽ വൻ നഷ്ടമാകും. വാഹനവാടകയും മറ്റ് ചെലവും കഴിഞ്ഞാൽ കൃഷി നഷ്ടക്കച്ചവടമാണെന്ന് കർഷകർ പറയുന്നു. പാകമായ പടവലം തോട്ടത്തിൽ നിറുത്തിയാൽ ചീഞ്ഞു പോകാനിടയുള്ളതിനാൽ പറിച്ച് കൂട്ടുകയേ മാർഗമുള്ളൂ. വിളവെടുത്ത പടവലം ചാക്കുകളിലാക്കി പാടത്തുതന്നെ കൂട്ടിയിരിക്കുകയാണ്. തോട്ടത്തിൽ നേരിട്ടെത്തുന്ന ആവശ്യക്കാർക്ക് വിൽക്കുന്നുണ്ടെങ്കിലും കൂടുതലും നശിച്ചു പോകുമെന്ന ആശങ്കയിലാണ് കർഷകർ. വെള്ളരിയും കുമ്പളവും കൃഷി ചെയ്തിട്ടുണ്ടെങ്കിലും പടവലത്തിന് മാത്രമാണ് ഈ ദുരവസ്ഥ. മറ്റ് മാർഗമില്ലാതെ 50-60 കിലോഗ്രാം വരുന്ന ചാക്കിന് 500 രൂപ നിരക്കിൽ പാടത്തുതന്നെ വിൽപ്പന നടത്തി ഒഴിവാക്കുകയാണ്. ഒന്നോ രണ്ടോ ദിവസത്തിനുളിൽ മൊത്തമായി ഏറ്റെടുക്കാനോ വാങ്ങാനോ ആരെങ്കിലും തയ്യാറായില്ലെങ്കിൽ കർഷകർക്ക് ഈ വിഷുക്കാലം ദുരിതത്തിന്റേതാകും.
വിലയിടിവിൽ നഷ്ടക്കച്ചവടം
കിലോയ്ക്ക് ഏഴ് രൂപയിൽ താഴെ
50-60 കിലോ
ചാക്കിന് 500 രൂപ വരെ
കൃഷിചെയ്യാനുള്ള പന്തലിന്റെയും വളത്തിന്റെയും ചെലവു കഴിഞ്ഞാൽ വൻനഷ്ടമാണ്.കിലോഗ്രാമിന് ഏഴ് രൂപയിൽ താഴെ മാത്രമാണ്
വില ലഭിക്കുന്നത്. ഇത് വാഹനവാടകയ്ക്ക് പോലും തികയുന്നില്ല.
- സതീശൻ (കർഷകൻ)