
തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം നേതാക്കളെ ഇ.ഡി തുടർച്ചയായി ചോദ്യം ചെയ്യുകയും സാമ്പത്തിക ഇടപാടിൽ ആദായ നികുതി വകുപ്പ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്യുന്നതിനിടെ പ്രധാനമന്ത്രി വീണ്ടും ജില്ലയിലെത്തുമ്പോൾ കരുതലോടെ എൽ.ഡി.എഫ്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നടപടിയെടുക്കുമെന്ന് ആലത്തൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.ടി.എൻ.സരസുവിന് ഫോൺസംഭാഷണത്തിൽ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് മോദിയുടെ വരവ്. ഇ.ഡി പിടിച്ചെടുത്ത പണം, സമ്പാദ്യം നഷ്ടപ്പെട്ട പാവപ്പെട്ടവർക്ക് തിരികെ നൽകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി സരസുവിന്റെ പ്രചാരണത്തിന്റെ വിവരങ്ങളും തേടി.
15ന് രാവിലെ ഒൻപതിന് ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്താണ് മോദിയെത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം എന്നതിനപ്പുറം രാഷ്ട്രീയനീക്കമായാണ് ഇതിനെ ഇടതുമുന്നണി കാണുന്നത്. അതേസമയം, സഹകരണ ബാങ്കിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമ്പോൾ എൽ.ഡി.എഫിനൊപ്പം യു.ഡി.എഫും ജാഗ്രതയിലാണ്. തിരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചതും കേന്ദ്ര അന്വേഷണ ഏജൻസികൾ നേതാക്കളെ വേട്ടയാടുന്നതുമെല്ലാം ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രമാണെന്ന് പ്രചാരണവേദികളിൽ എൽ.ഡി.എഫ് കൃത്യമായി ബോദ്ധ്യപ്പെടുത്തുന്നുണ്ട്. കരുവന്നൂർ പ്രചാരണവിഷയമാക്കുന്ന യു.ഡി.എഫ് നേതാക്കളും ഇക്കാര്യങ്ങളെല്ലാം വിഷയമാക്കുന്നുണ്ട്. ബി.ജെ.പിയുടെ ഘടകകക്ഷി എന്ന നിലയിലാണ് ഇ.ഡിയും ആദായനികുതി വകുപ്പുമെല്ലാം പ്രവർത്തിക്കുന്നതെന്ന് അണികളെയും ജനങ്ങളെയും ബോദ്ധ്യപ്പെടുത്തുകയാണ് ഇടതു നേതൃത്വം.
മൂന്നാം വട്ടം മോദി
മൂന്നര മാസത്തിനിടെ മൂന്ന് തവണ പ്രധാനമന്ത്രി ഒരു ജില്ലയിലെത്തുന്നത് അപൂർവമാണ്. സുരേഷ്‌ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുൻപ് ജനുവരി മൂന്നിന് നരേന്ദ്രമോദി തൃശൂരിൽ റോഡ് ഷോ നടത്തിയിരുന്നു. ജനുവരി 17ന് ഗുരുവായൂർ ക്ഷേത്രത്തിൽ സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതും തൃപ്രയാറിൽ ദർശനം നടത്തിയതും രാഷ്ട്രീയപ്രാധാന്യം നേടി. ആലത്തൂർ, തൃശൂർ, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രചാരണത്തിന് ഊർജ്ജം പകരാനാണ് മോദിയെത്തുന്നത്. പട്ടാമ്പി റോഡിലെ ചെറുവത്തൂർ മൈതാനത്ത് പന്തലിന് കാൽനാട്ടിക്കഴിഞ്ഞു. റേഞ്ച് ഡി.ഐ.ജി അജിതാബീഗത്തിന്റെ നേതൃത്വത്തിൽ സുരക്ഷാക്രമീകരണം വിലയിരുത്തിയിരുന്നു. ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചേക്കും.
മോദിയുടെ വരവ് ഇങ്ങനെ
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാഡിൽ ഇറങ്ങും
ചൂണ്ടൽ, കാണിപ്പയ്യൂർ വഴി കുന്നംകുളത്തേക്ക്
പൊതുയോഗം ചെറുവത്തൂർ മൈതാനത്ത്
വേദിയിൽ എൻ.ഡി.എ സംസ്ഥാന നേതാക്കളും സ്ഥാനാർത്ഥികളും
സമ്മേളനസ്ഥലത്ത് മൂന്ന് മണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകർ.