2

കുന്നംകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദി 15ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താനിരിക്കെ, കുന്നംകുളം നഗരത്തിന് സമീപം ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തു കണ്ടെത്തി. ചിറ്റഞ്ഞൂർ ഇമ്മാനുവേൽ സ്‌കൂളിന് സമീപത്തു നിന്ന് വെടിക്കെട്ടിന് ഉപയോഗിക്കുന്ന കുഴിമിന്നിക്ക് സമാനമായുള്ള വസ്തുവാണ് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് എത്തി സ്‌ഫോടക വസ്തു സമീപത്തെ പാടത്തേക്ക് മാറ്റി നിർവീര്യമാക്കി.

മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന യുവാവ് കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തുവുമായി നടക്കുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു. ഇവിടെനിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലെയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി നിശ്ചയിച്ചിരിക്കുന്നത്. സ്‌ഫോടക വസ്തു കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്താകെ പരിശോധന നടത്തി. കനത്ത സുരക്ഷാ സന്നാഹവും ഏർപ്പെടുത്തി.