abdul

തൃശൂർ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വികസനവും സഹകരണബാങ്ക് തട്ടിപ്പും ഇലക്ടറൽ ബോണ്ട് അഴിമതികളും വാഗ്ദാനങ്ങളുമെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞ് മുന്നണിനേതാക്കൾ. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തൃശൂർ പ്രസ് ക്ലബിന്റെ 'പോരിന്റെ പൂരം ' മുഖാമുഖത്തിലായിരുന്നു ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, എൽ.ഡി.എഫ് കൺവീനർ കെ.വി.അബ്ദുൾ ഖാദർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ എന്നിവരുടെ ചൂടുപിടിച്ച സംവാദം. പ്രസ് ക്ലബ് പ്രസിഡന്റ് ഒ.രാധിക അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പോൾ മാത്യു, ട്രഷറർ കെ.ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

സി.പി.എം - ബി.ജെ.പി ഡീലെന്ന് ജോസ് വള്ളൂർ


കോൺഗ്രസിനെ തോൽപ്പിക്കാൻ സി.പി.എമ്മും ബി.ജെ.പിയുമായി ഡീൽ ഉണ്ടെന്ന ആരോപണമുയർത്തി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. എന്തൊക്കെ സാഹചര്യമുണ്ടായാലും രഹസ്യധാരണകളെ അതിജീവിക്കും. കോൺഗ്രസിന്റെ ട്രബിൾഷൂട്ടറാണ് മുരളീധരൻ. 77, 89 കാലത്ത് പരോക്ഷമായും പ്രത്യക്ഷമായും സി.പി.എമ്മും ബി.ജെ.പിയും സഹകരിച്ചവരാണ്. കരുവന്നൂരിലെ ചോദ്യം ചെയ്യൽ എത്ര ദൂരം പോകുമെന്ന് കണ്ടറിയാം. കൊടകര കുഴൽപണ കേസ് ആവിയായെന്നും ജോസ് വള്ളൂർ പറഞ്ഞു.

വോട്ടുമറിക്കൽ ആരോപണം അസംബന്ധം: അബ്ദുൾ ഖാദർ

വോട്ടുമറിക്കൽ ആരോപണം അസംബന്ധമെന്നായിരുന്നു ഇടത് കൺവീനർ കെ.വി.അബ്ദുൾഖാദറിന്റെ പ്രതികരണം. ആടിനെ പട്ടിയാക്കുന്നതിന് സമാനമാണ് ആക്ഷേപം. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ ഇലക്ടറൽ ബോണ്ട് അഴിമതിയിലൂടെ ബി.ജെ.പി എന്താണെന്ന് ജനങ്ങൾക്ക് മനസിലായി. അഴിമതിയെ നിയമസാധുതയുള്ളതാക്കി ഇലക്ടറൽ ബോണ്ട്. അതിൽ കോൺഗ്രസിനും വീതം കിട്ടി. ബി.ജെ.പി 8000 കോടി കൈപ്പറ്റിയെങ്കിൽ കോൺഗ്രസിന് ആയിരത്തിലേറെ കോടിയാണ് ലഭിച്ചത്. വി.എസ്.സുനിൽകുമാർ മുഖവുര വേണ്ടാത്ത ജനകീയ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

ഡീൽ ആരോപണം ബുദ്ധിയുള്ളവർ വിശ്വസിക്കില്ല: കെ.കെ.അനീഷ്‌കുമാർ

സി.പി.എം- ബി.ജെ.പി. ഡീലെന്ന കോൺഗ്രസിന്റെ ആരോപണം ബുദ്ധിയുള്ളവർ വിശ്വസിക്കില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ. കൊവിഡ് കാലത്ത് പി.പി.ഇകിറ്റിൽ പോലും അഴിമതിയായിരുന്നു. സി.പി.എമ്മിന് ദേശീയാംഗീകാരവും ചിഹ്നവും നഷ്ടപ്പെടാതിരിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. പ്രതിപക്ഷമാകണമെന്നതിലപ്പുറം കോൺഗ്രസിന് ഒരു ആഗ്രഹവുമില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതി പോലും നൽകാൻ പ്രതിപക്ഷ എം.പിമാർക്കാവില്ല. എയിംസിന് പദ്ധതി പോലും നൽകിയില്ല. വികസനത്തിന് സുരേഷ് ഗോപി ജയിക്കണം. തൃശൂരിൽ കേന്ദ്രമന്ത്രി ഉണ്ടാകുമെന്ന ഉറപ്പാണ് നൽകാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.