camera

മാള: ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ക്യാമറയിൽ ഒപ്പിയെടുക്കാനുള്ള കഴിവ് ഇനി കുട്ടികൾക്കും സ്വായത്തമാക്കാം. ഫോട്ടോഗ്രഫി കലയെ അടുത്തറിയാനും സർഗാത്മക നിമിഷങ്ങളെ പകർത്താനുമുള്ള സാങ്കേതിക വൈദഗ്ദ്ധ്യം സൗജന്യമായി വിദ്യാർത്ഥികൾക്ക് പകർന്ന് നൽകാനായി വേനലവധിക്കാലത്ത് വേദിയൊരുക്കിയിരിക്കുകയാണ് വെണ്ണൂർ സർവീസ് സഹകരണ ബാങ്ക്. ലോകത്തിലെ തന്നെ പ്രമുഖ ക്യാമറ നിർമ്മാതാക്കളായ നിക്കോൺ ഇന്ത്യാ ലിമിറ്റഡിലെ ടെക്‌നിക്കൽ ടീമാണ് വിദ്യാർത്ഥികൾക്ക് ഫോട്ടോഗ്രഫിയെ സംബന്ധിച്ച് ക്ലാസ് നൽകുന്നത്. വെണ്ണൂർ സർവീസ് സഹകരണ ബാങ്കിന്റെ മേലഡൂരിലുള്ള ജീവനം ഹാളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയാണ് പരിശീലന ക്ലാസ്. നിക്കോൺ ഇന്ത്യ ടെക്‌നിക്കൽ ടീം അസി. മാനേജർ പി.ജെ. അരുൺ പരിശീലന ക്ലാസിന് നേതൃത്വം നൽകും. ഫോട്ടോഗ്രഫിയുടെ വിവിധ തലങ്ങൾ അദ്ദേഹം വിദ്യാർത്ഥികൾക്ക് പകർന്ന് നൽകും. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരായ മുരളി മോഹൻ, മൃദുല എന്നിവരുടെ അപൂർവ ചിത്രങ്ങളുടെ പ്രദർശനവുമുണ്ടാകും. ഡോ. സി.പി. ഷാജിയാണ് പരിപാടികൾ കോ-ഓർഡിനേറ്റ് ചെയ്യുന്നത്. വിവരങ്ങൾക്ക്: 9497777675.

പഠനം കൊണ്ട് ഗുണങ്ങളേറെ

കുട്ടികളുടെ നിരീക്ഷണ പാടവം വർദ്ധിപ്പിക്കാനും ക്ഷമ, ജാഗ്രത എന്നിവ വർദ്ധിപ്പിക്കാനും ഫോട്ടോഗ്രഫി പഠനം ഉപകരിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മനോഹര നിമിഷങ്ങൾ ക്യാമറയിൽ ഒപ്പിയെടുക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത് കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും പരിസ്ഥിതി സ്‌നേഹം വളർത്താനും ഉപകരിക്കും. കൗമാരക്കാർ നേരിടുന്ന മൊബൈൽ ഫോൺ, ലഹരി അഡിക്്ഷൻ എന്നിവയിൽ നിന്നും ഒരു പരിധിവരെ മോചനം നേടാനും ഭാവിയിൽ നല്ലൊരു കർമ്മ മേഖല ലഭിക്കാനും ഉപകരിക്കും.