കൊടുങ്ങല്ലൂർ : പ്രസവ സംബന്ധമായ കേസുകളിൽ അടിക്കടിയുണ്ടാകുന്ന പ്രശ്‌നങ്ങൾ മൂലം താലൂക്കാശുപത്രിയിലെ ഗൈനാക്കോളജി വിഭാഗം പ്രതിക്കൂട്ടിലാകുന്നു. പ്രസവത്തിനിടെ അണുബാധ മൂലം യുവതി മരിക്കുകയും രണ്ട് യുവതികൾ ഗുരുതരാവസ്ഥയിലാകുകയും ചെയ്തതോടെ കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ പ്രസവ വിഭാഗത്തിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കയാണ്. അതേസമയം സാധാരണക്കാരുടെ ഏക ആശ്രയ കേന്ദ്രമായ താലൂക്കാശുപത്രിക്കെതിരായ ആരോപണങ്ങൾ നിർദ്ധനരായ കുടുംബങ്ങളെ ആശങ്കയിലുമാക്കുന്നു.
പ്രസവത്തിന് ശേഷമുണ്ടായ അണുബാധ മൂലം ചികിത്സയിലായിരുന്ന ചെന്ത്രാപ്പിന്നി ആലുവ തെരുവ്പാടം വീട്ടിൽ അഷിമോന്റെ ഭാര്യ കാർത്തിക ബുധനാഴ്ചയാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി നാല് ദിവസത്തിന് ശേഷം അസ്വസ്ഥത മൂലം നടത്തിയ സ്‌കാനിംഗിൽ ശരീരത്തിനകത്ത് ഗുരുതരമായ നിലയിൽ പഴുപ്പ് കണ്ടെത്തുകയായിരുന്നു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കിടെയുണ്ടായ പിഴവാണ് കാർത്തികയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. രണ്ടുമാസം മുമ്പും താലൂക്ക് ആശുപത്രിയിൽ സമാനമായ സംഭവം ഉണ്ടായിരുന്നു. ചെന്ത്രാപ്പിന്നി കൂട്ടാലപ്പറമ്പ് ചാരിച്ചെട്ടി വീട്ടിൽ പ്രേംകുമാറിന്റെ മകളും ചേർത്തല പള്ളിപ്പുറം ആദർശ നിവാസിൽ ആദർശദാസിന്റെ ഭാര്യയുമായ മോനിഷ താലൂക്ക് ആശുപത്രിക്കും ഗൈനാക്കോളജിസ്റ്റ് ഡോ. സീമ ഗംഗാധരനുമെതിരെ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയായതോടെ മോനിഷയ്ക്ക് വിട്ടുമാറാത്ത വയറുവേദനയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. ശസ്ത്രക്രിയക്കിടെ ഉണ്ടായ പിഴവാണ് അസുഖത്തിന് കാരണമെന്നും തുടർ ചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആവശ്യമായ ചികിത്സ നൽകിയില്ലെന്നുമായിരുന്നു മോനിഷയുടെ പരാതി. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്‌കാനിംഗിൽ വയറ്റിൽ രക്തം കട്ടപിടിച്ച് പഴുപ്പ് ആയിട്ടുണ്ടെന്നും നൂലുപോലുള്ള വസ്തു വയറ്റിൽ ഉണ്ടെന്നും കണ്ടെത്തുകയും തുടർന്ന് അവിടെ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. മറ്റൊരു സംഭവത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി അണുബാധയെ മൂലം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ ഡയാലിസിസ് നടത്തിവരികയാണ്. അണുബാധ കരളിനെ ബാധിക്കുകയും മഞ്ഞപ്പിത്തം പിടിപെടുകയും ചെയ്തു. എറിയാട് കെ.വി.എച്ച്.എസിനരികിൽ താമസിക്കുന്ന കുഞ്ഞുമാക്കൻ ചാലിൽ ഹാരിസിന്റെ ഭാര്യ സിൽന (26) യാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. മാർച്ച് 15ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ അണുബാധ മൂലം ആദ്യം തൃശൂർ മെഡിക്കൽ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സമാനമായ സംഭവങ്ങൾ തുടർച്ചയായി അരങ്ങേറിയിട്ടും ആശുപത്രി അധികൃതർ ജാഗ്രത പുലർത്തുന്നില്ലെന്നും ആർക്കെതിരെയും നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

അണുബാധ എങ്ങനെയുണ്ടാകുന്നു എന്നത് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്. അതിനായി സൂക്ഷ്മമായ പരിശോധനകൾ ആവശ്യമാണ്.
സംഭവത്തിൽ ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘം താലൂക്ക് ആശുപത്രിയിലെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും.
-ടി.കെ. ഗീത
(നഗരസഭാ ചെയർപേഴ്‌സൺ, ആശുപത്രി വികസന സമിതി ചെയർപേഴ്‌സൺ)