തൃശൂർ: ഉഷ്ണം ഉഷ്‌ണേന ശാന്തിയെന്ന ചൊല്ല് പോലെയാണ് ആലത്തൂരിലെ എൽ.ഡി.എഫ് - യു.ഡി.എഫ് സ്ഥാനാർത്ഥികൾ. പൊള്ളുന്ന ചൂടിൽ ഭക്ഷണത്തിലും ശ്രദ്ധ പുലർത്തുന്ന കെ. രാധാകൃഷ്ണനും രമ്യ ഹരിദാസും ചൂടിനെ ചൂടുവെള്ളം കുടിച്ചാണ് പ്രതിരോധിക്കുന്നത്. രാവിലെ നേരത്തെ തുടങ്ങുന്ന പ്രചാരണം രാത്രിയാണ് അവസാനിക്കുക.
നാരങ്ങാവെള്ളം ഉൾപ്പെടെ കുടിച്ചാണ് വെയിലിന്റെ കാഠിന്യത്തെ ഇവർ അതിജീവിക്കുന്നത്. എരിവുള്ള ഭക്ഷണം പരമാവധി കുറയ്ക്കുകയാണ് മന്ത്രി കൂടിയായ കെ. രാധാകൃഷ്ണൻ. ഉച്ചയ്ക്ക് ചോറും സാമ്പാറുമാണ് അദ്ദേഹത്തിന് പ്രിയം. സാമ്പാർ വലിയ ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു. പൊറോട്ട, ബിരിയാണി, ഐസ്‌ക്രീം പോലുള്ളവ കഴിക്കാറില്ല.
പാട്ടു പാടിയാണ് രമ്യയുടെ പ്രചാരണം. എവിടെ ചെന്നാലും നാടൻപാട്ടോ സിനിമാഗാനമോ പാടാതെ വിടില്ല. പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും. പാടേണ്ടതുകൊണ്ടു കൂടിയാണ് ചൂടുവെള്ളം കുടിക്കുന്നത്. ഫ്‌ളാസ്‌കിൽ ചൂടുവെള്ളം എപ്പോഴും തയ്യാർ. തണുത്തത് തീരെ കഴിക്കാറില്ല. ആഹാരത്തിൽ പ്രത്യേകിച്ച് ചിട്ടകളോ സമയക്രമമോ ഇല്ല. പ്രചാരണത്തിരക്കിൽ അതിന് കഴിയില്ല. ഉച്ചയ്ക്കും വിശ്രമമില്ലാതെ പ്രചാരണം നടത്തുന്ന രമ്യ ആഹാരത്തിന്റെ അളവ് നന്നായി കുറച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. ടി.എൻ. സരസുവും ആഹാരം കുറച്ചാണ് പ്രചാരണത്തിനിറങ്ങുന്നത്. രാവിലെ നേരത്തെ തന്നെ വോട്ടർമാരെ കാണാനിറങ്ങും. ഉച്ചയ്ക്ക് അൽപ്പം വിശ്രമം. മൂന്നരയോടെ വീണ്ടുമിറങ്ങും. പച്ചക്കറിയാണ് കൂടുതൽ കഴിക്കുക. ധാരാളം വെള്ളം കുടിക്കും.