ചാലക്കുടി: തിരഞ്ഞെടുപ്പ് പ്രചരണവും വിഷുവും ഒപ്പം എത്തിയതോടെ കാലിയായി കൊന്ന മരങ്ങൾ. പൂവായ പൂവെല്ലാം സ്ഥാനാർത്ഥികളെ വരവേൽക്കാൻ പ്രവർത്തകർ ഉപയോഗിച്ചു. വീടുകളിൽ ഇനി കണിയൊരുക്കാൻ കൃത്രിമ കണിക്കൊന്നയെ ആശ്രയിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. രണ്ടാഴ്ചയായി തുടരുന്ന സ്ഥാനാർത്ഥികളുടെ പര്യടനത്തിന് വലിയ തോതിലാണ് കണിക്കൊന്നകൾ ഉപയോഗിച്ചത്. പൂക്കളില്ലാത്ത കൊന്ന മരങ്ങളാണ് ഇപ്പോൾ പലയിടത്തും ദ്യശൃമാകുന്നത്. തങ്ങളുടെ ഇഷ്ട സ്ഥാനാർത്ഥികളെ എതിരേൽക്കാൻ മുന്നണി ഭേദമില്ലാതെ എല്ലാവരും കണിക്കൊന്നയ്ക്കായി നെട്ടോട്ടത്തിലായിരുന്നു. കുട്ടികൾ മുതൽ വൃദ്ധരായവർ വരെ കണിപ്പൂക്കളുമായാണ് വഴിയോരങ്ങളിൽ സ്ഥാനാർത്ഥികളെ സ്വീകരിക്കാനെത്തിയത്. കൂടാതെ കാലാവസ്ഥയുടെ മാറ്റങ്ങളിൽ ഇവ സമൃതിയായി പുഷ്പ്പിക്കാത്തതും ഇക്കുറി വിഷുവിന് വിനയായി. എന്നാൽ കണിക്കൊന്ന പൂവിന്റെ ക്ഷമത്തിൽ സന്തോഷിക്കുന്ന ഒരു വിഭാഗമാണ് പൂക്കട കച്ചവടക്കാർ. ഇവരുടെ കൈവശമുള്ള പ്ലാസ്റ്റിക് കണിക്കൊന്നകൾക്ക് ഡിമാന്റ് വർദ്ധിക്കുന്നതാണ് കാരണം. സ്ഥാപനങ്ങളിൽ അലങ്കരിക്കാനും വാഹനങ്ങളിൽ തൂക്കിയിടാനുമാണ് വർഷങ്ങൾക്ക് മുമ്പ് ഇത്തരം കണിക്കൊന്നകളെ വിപണിയിലിറക്കിയത്. നിറം മങ്ങുംവരെ ഇവ ഉപയോഗിക്കാൻ സൗകര്യവുമായിരുന്നു. എന്നാൽ ഇത്തവണ കണിയൊരുക്കാൻതന്നെ പ്ലാസ്റ്റിക് പൂക്കളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.