1

തൃശൂർ: സി.പി.എം നിയന്ത്രണത്തിൽ കോർപറേഷൻ ഭരിക്കുന്ന മേയർ എം.കെ. വർഗീസ് തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചതോടെ സി.പി.എം - ബി.ജെ.പി അന്തർധാര പരസ്യമായെന്ന് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയേൽ. മേയറെപ്പോലൊരു ജനപ്രതിനിധി സി.പി.എമ്മിന്റെ അറിവും സമ്മതവുമില്ലാതെ ഇങ്ങനെ പ്രഖ്യാപിക്കില്ല. ബി.ജെ.പിയുമായുള്ള ധാരണ പരസ്യപ്പെടുത്താൻ മേയറുടെ ചേംബർ വേദിയാക്കിയതിലൂടെ സി.പി.എം നേതൃത്വം അണികൾക്കു വ്യക്തമായ സന്ദേശമാണ് നൽകിയത്. ഇക്കാര്യത്തിൽ എൽ.ഡി.എഫ് നേതൃത്വം നിലപാട് വ്യക്തമാക്കണം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ ബലിയാടാക്കി ബി.ജെ.പിയെ പ്രീതിപ്പെടുത്താനുള്ള സി.പി.എം ശ്രമം സി.പി.ഐ തിരിച്ചറിയണം. ചേംബർ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് ഉപയോഗിച്ചതിന് വർഗീസിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.