1

തൃശൂർ: കുട്ടികളിൽ അന്യം നിന്നു വരുന്ന വായനയെ തിരികെ കൊണ്ടുവരണമെന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ. മായ. തൃശൂർ ജവഹർ ബാലഭവൻ സന്ദർശിച്ച് കുട്ടികളുമായി സംവദിക്കുകയായിരുന്നു അവർ. ബാലഭവൻ പ്രിൻസിപ്പൽ ഡോ. എ. അൻസാർ സന്നിഹിതനായിരുന്നു. കുട്ടികളെ മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും അമിത ഉപയോഗത്തിൽ നിന്നും തിരികെ കൊണ്ടുവരാൻ വായന പ്രോത്സാഹിപ്പിക്കുന്നതിലൂടെ കഴിയും. ദിവസവും ഒരു പുസ്തകമോ, ചുരുങ്ങിയത് ഒരു കഥയോ എങ്കിലും വായിക്കാൻ അവരെ പ്രേരിപ്പിക്കണം. വായനയിലൂടെ മാത്രമേ വളരുകയുള്ളൂവെന്ന് ബാലഭവൻ ഡയറക്ടർ കൂടിയായ മായ കുട്ടികളോട് പറഞ്ഞു. ബാലഭവനിലെ കുട്ടികളുടെ ലൈബ്രറി നവീകരിക്കാൻ നടപടി സ്വീകരിക്കുമെന്നും മായ അറിയിച്ചു.