ചേലക്കര: സപ്ളൈകോ ബാങ്കുകളുമായി കരാർ പുതുക്കാൻ വൈകി. വിഷു പുലർന്നിട്ടും സംഭരിച്ച നെല്ലിന്റെ വില ലഭിക്കാതെ വലയുകയാണ് ചേലക്കര പഞ്ചായത്തിലെ 836ഓളം കർഷകർ. കൊയ്ത് നാല് മാസം മുമ്പ് കൊടുത്ത 14.41 ലക്ഷം കിലോ നെല്ലിന്റെ വിലയായ നാല് കോടിയാണ് ലഭിക്കാനുള്ളത്. സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന്റെ തുകയ്ക്ക് പകരമായി പാഡി റെസീ്ര്രപ് സ്‌ളിപ് (പി.ആർ.എസ്) കർഷകർക്ക് നൽകിയിരുന്നു. ഇത് കാനറ ബാങ്കിലോ സ്‌റ്റേറ്റ് ബാങ്കിലോ നൽകി തത്തുല്യമായ വായ്പയാണ് അനുവദിക്കുക. എന്നാൽ സപ്‌ളൈകോയുമായുള്ള വാർഷിക കരാർ പ്രകാരമുള്ള തുകയിലും അധികം തുകയായതോടെ ബാങ്കുകൾ വായ്പ അനുവദിക്കുന്നത് നിറുത്തി. ഇത്തരത്തിൽ കനറാ ബാങ്ക് 370 കർഷകർക്കും സ്റ്റേറ്റ് ബാങ്ക് 466 കർഷകർക്കും രണ്ട് കോടി വീതം തുകയാണ് കുടിശ്ശികയാണ്. കഴിഞ്ഞദിവസങ്ങളിൽ ബാങ്കുകളുമായുള്ള കരാർ പുതുക്കിയിരുന്നെങ്കിലും നിലവിൽ ജീവനക്കാരുടെ കുറവാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്നാണ് കർഷകരുടെ പരാതി. മദ്ധ്യവേനലവധിയായതോടെ പലയിടത്തും ജീവനക്കാർ ദീർഘകാല അവധിയിലാകും. സംസ്ഥാനത്തൊട്ടാകെ ഈ പ്രശ്‌നം നിലനിൽക്കുന്നുണ്ട്. ചേലക്കരയിൽ ഏറ്റവും കൂടുതൽ കർഷകർക്ക് അക്കൗണ്ടുള്ളത് പൊലീസ് സ്റ്റേഷന് സമീപമുള്ള സ്റ്റേറ്റ് ബാങ്കിലാണ്. മറ്റൊരു ബാങ്ക് ബസ് സ്റ്റാൻഡിന് സമീപമാണുള്ളത്. അവധികളും മറ്റും വരുന്നതിനാൽ ഒരുമിച്ച് ഇത്രയും പേർക്ക് വായ്പ അനുവദിക്കുക അപ്രായോഗികമാണ്. പഴയന്നൂർ ബ്‌ളോക്കിലും മറ്റ് സമീപ പഞ്ചായത്തുകളിലുമായി അയ്യായിരത്തോളം കർഷകരുണ്ട്.

മേഖലയിൽ 2500ഓളം കർഷകർ

പാഞ്ഞാൾ
കർഷകർ 616
ലഭിക്കേണ്ടതുക 2.7 കോടി

കൊണ്ടാഴി
459 കർഷകർ
ലഭിക്കേണ്ട തുക 1.54 കോടി

പഴയന്നൂർ
749 കർഷകർ
ലഭിക്കേണ്ട തുക 2.83 കോടി

തിരുവില്വാമല
439 കർഷകർ
ലഭിക്കേണ്ട തുക 2.03 കോടി

വള്ളത്തോൾ നഗർ
382 കർഷകർ
ലഭിക്കേണ്ട തുക 2.24 കോടി