വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിൽ പുലിയിറങ്ങിയതുമായി ബന്ധപ്പെട്ട് മച്ചാട് റെയ്ഞ്ചർ ആർ.എസ്. പ്രവീൺ, വാഴാതി ഡെപ്യൂട്ടി റെയ്ഞ്ചർ പി.വി. വിനോദ് എന്നിവർ കാടിനുള്ളിൽ പരിശോധന നടത്തി. പഴയന്നൂർപ്പാടം, കൊള്ളത്താശ്ശേരി എന്നീ പ്രദേശങ്ങളിലാണ് പുലിയെ കണ്ടതായി പറയപ്പെടുന്നത്. വനപാലകർ സ്ഥലം സന്ദർശിച്ച് പരിശോധിച്ചപ്പോൾ വനത്തിനുള്ളിൽ കണ്ടത് കാട്ടുപൂച്ചയാണെന്നാണ് നിഗമനം. കാട്ടുപൂച്ചയ്ക്ക് സാമാന്യം നല്ല വലിപ്പം ഉണ്ടാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം കാടിനോട് ചേർന്നുള്ള വീടുകളിലെ മൃഗങ്ങളെയും, നായ്ക്കളെയും വന്യജീവികൾ കൊന്ന് തിന്നിരുന്നു. കാട്ടാനകൾ ഇറങ്ങി വരുന്ന വഴിയിലൂടെയാണ് പുലികൾ നാട്ടിലിറങ്ങുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥിരമായി കാട്ടാനയിറങ്ങുന്ന സ്ഥലമാണ് കൊളത്തിശ്ശേരി പ്രദേശങ്ങൾ. കാടിനുള്ളിലെ ചൂടും, വെള്ളവും, ഭക്ഷണവും ഇല്ലാതായതുമാണ് പുലികൾ അടക്കമുള്ള വന്യജീവികൾ നാട്ടിറങ്ങുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഈ പ്രദേശങ്ങളിൽ സി.സി, ടി.വി. സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.