തൃശൂരിൽ സുനിൽ കുമാറിന്റെ രണ്ടാംഘട്ട പര്യടനം
തൃശൂർ: വി.കെ. മോഹനൻ കാർഷിക സംസ്‌കൃതി വിഷുച്ചന്ത പുല്ലഴിയിൽ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് വി.എസ്. സുനിൽ കുമാർ, തൃശൂർ നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടന പരിപാടിക്ക് തുടക്കമിട്ടത്. പര്യടന പരിപാടിയുടെ ഉദ്ഘാടനം വടൂക്കര എസ്.എൻ നഗറിൽ മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കാഞ്ഞിരങ്ങാടി, പോപ്പ് ജോൺ നഗർ, കുരിയച്ചിറ, സുരഭി നഗർ (ലേബർ റോഡ്), പല്ലൻ കോളനി, പറവട്ടാനി, ജീസസ് ലെയ്ൻ, കുറ, പനഞ്ചകം, നെട്ടിശ്ശേരി, ചരടം, കിഴക്കുംപാട്ടുകര, കുണ്ടുവാറ, വില്ലിടം, ആനപ്പാറ ഉൾപ്പെടെ നാൽപ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഇ.എം.എസ് കോർണറിൽ സമാപിച്ചു.
തൃശൂരിനെ ഇളക്കിമറിച്ച് കെ. മുരളീധരന്റെ സ്ഥാനാർത്ഥി പര്യടനം
തൃശൂർ: യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ ഇന്നലെ തൃശൂർ മണ്ഡലത്തിലെ അയ്യന്തോൾ ബ്ലോക്കിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. രാവിലെ വിൽവട്ടത്തെ പെരിങ്ങാവ് വാട്ടർ വർക്‌സിൽ നിന്നും ആരംഭിച്ച് പാണ്ടിക്കാവ്, തന്നേങ്കാട്, ബാലസംഘം സെന്റർ, മണലാറുകാവ് അമ്പലം, പാടുക്കാട് തുഷാര തിയേറ്റേഴ്‌സ്, പാടൂക്കാട് സന്ധ്യാരാമം, അടിയാറ, കൂറ്റുമുക്ക് കുറ്റിയാൽ, വില്ലടം ഗ്രൗണ്ട്, നെല്ലിക്കോട് പെരേപ്പാടം, കൂറ്റുമുക്ക് ഏറുപാടം, മണ്ണുകാട്, ഏവന്നൂർ സെന്റർ, ഗാന്ധിനഗർ, കുണ്ടുവാറ എന്നിവിടങ്ങളിൽ കെ. മുരളീധരൻ പര്യടനം നടത്തി.
നഗരത്തിലെ ഓരോ പോയിന്റിലും സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് പൊരിവെയിലിലും സ്വീകരിച്ചത്. ഉച്ചയ്ക്കുശേഷം ജവഹർ ബാലഭവൻ പരിസരത്ത് നിന്ന് ആരംഭിച്ച പര്യടനം മൈലിപ്പാടം, പാട്ടുരായ്ക്കൽ സെന്റർ, ധനലക്ഷ്മി ജംഗ്ഷൻ, തേഞ്ചിയത്ത്കാവ് അമ്പലം, തിരുവോണം കോർണർ, ബംഗ്ലാവ് റോഡ്, വടക്കുംമുറി സെന്റർ, മഹാത്മ നഗർ പുല്ലഴി , പുല്ലഴി കിണർ, ചേറ്റുപുഴ ആമ്പക്കാട് മൂല, കെ.എസ്.കെ നഗർ, മുൻസിപ്പൽ കോളനി, ലാലൂർ കാർത്യായനി ക്ഷേത്രം എന്നിവിടങ്ങളിലൂടെ ലാലൂർ എസ് എൻ പാർക്കിൽ സമാപിച്ചു.
കുടുംബ യോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സുരേഷ് ഗോപി
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നഗരത്തിലെ കുടുംബ യോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. രാജ്യത്തിന്റെ വികസന കാര്യത്തിൽ ഒരു ദിവസം പോലും പാഴാക്കാനാകില്ലെന്ന് സുരേഷ് ഗോപി.
രാജ്യം അതിവേഗം വികസന പാതയിലാണ്. അതിന്റെ ഭാഗമാകേണ്ട നാം കഴിഞ്ഞ അഞ്ചു വർഷം മാത്രമല്ല, കഴിഞ്ഞ കാലങ്ങളത്രയും പാഴാക്കി. അതിനു കാരണക്കാർ നാം വിശ്വസിച്ചു വോട്ടു ചെയ്ത് അയച്ചവരാണ്. വെറും വാഗ്ദാനങ്ങൾ നൽകി അവർ നമ്മെ വഞ്ചിച്ചു. വോട്ടിന്റെ / ജനാധിപത്യത്തിന്റെ മൂല്യം പോലും അവർ മുഖവിലയ്ക്കെടുത്തില്ല. ഇനിയും അത് അനുവദിക്കാകില്ലെന്ന് സുേരഷ് ഗോപി പറഞ്ഞു.
10 ഓളം കുടുംബ യോഗങ്ങളിലാണ് ഇന്നലെ അദ്ദേഹം പങ്കെടുത്തത്. രാവിലെ കണ്ണംകുളങ്ങരയിൽ നിന്നായിരുന്നു കുടുംബ യോഗങ്ങളുടെ തുടക്കം. തുടർന്ന് മുക്കാട്ടുകര, ചേറ്റുപുഴ, അയ്യന്തോൾ, കാനാട്ടുകര, വെസ്റ്റ് കോട്ടപ്പുറം, ചക്കമുക്ക്, വിയ്യൂർ മണലാർക്കാവ് തുടങ്ങിയ ഇടങ്ങളിലായിരുന്നു കുടുംബ യോഗങ്ങൾ നടന്നത്.