
തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കുന്നംകുളത്തെത്തുമ്പോൾ അന്ന് ജില്ലയിലെ മൂന്നിടങ്ങളിൽ തീപ്പൊരി പാറിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനുമെത്തും. പ്രധാനമന്ത്രിയുടെ പരിപാടി ചെറുവത്തൂർ മൈതാനത്തിൽ രാവിലെ ഒൻപതരയ്ക്കാണെങ്കിൽ, മുഖ്യമന്ത്രിയുടേത് മൂന്നരയ്ക്ക് ഇരിങ്ങാലക്കുടയിലും അഞ്ചോടെ തൃശൂരിലും ആറരയോടെ ചാവക്കാട്ടുമാണ്.
പിറ്റേന്ന് വടക്കാഞ്ചേരിയിലും മുഖ്യമന്ത്രിയുടെ പൊതുയോഗമുണ്ട്. കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പും സി.പി.എം അക്കൗണ്ടുകളിലെ പരിശോധനയും പ്രചാരണവേദികളെ ചൂട് പിടിപ്പിക്കുമ്പോൾ ആന എഴുന്നള്ളിപ്പിലെ നിയന്ത്രണവും ചർച്ചയാകും. തൃശൂർ പൂരം വെള്ളിയാഴ്ച നടക്കാനിരിക്കേ, പൂരം നടത്തിപ്പ് സംബന്ധിച്ച ഓരോ പ്രതിസന്ധികളും ദേശീയനേതാക്കൾ പങ്കെടുക്കുന്ന വേദികളിൽ അടക്കം പ്രചാരണവിഷയമാകും.
ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കും. അണികളെയും ജനങ്ങളെയും കൃത്യമായി ബോധവത്കരിച്ചും വിശദീകരണയോഗങ്ങൾ നടത്തിയും എൽ.ഡി.എഫ് പ്രചാരണം മുന്നോട്ടു നയിക്കുമ്പോൾ യു.ഡി.എഫും എൻ.ഡി.എയും ഇടതുസർക്കാരിനെതിരെയുള്ള ആരോപണം തന്നെയാണ് മുഖ്യവിഷയമാക്കുന്നത്.
കർശന സുരക്ഷ
കർശന സുരക്ഷയാണ് തൃശൂരിലും കുന്നംകുളത്തും സമീപപഞ്ചായത്തിലും ഒരുക്കിയിരിക്കുന്നത്. കൂനംമൂച്ചി, ചൂണ്ടൽ, കാണിപ്പയ്യൂർ, കുന്നംകുളം നഗരത്തിലെ തൃശൂർ റോഡ്, പട്ടാമ്പി റോഡ് എന്നിവിടങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള അറ്റകുറ്റപണി നടത്തിയിട്ടുണ്ട്. റോഡിലെ കുഴികളടച്ച് ഗതാഗതസൗകര്യം ഉറപ്പാക്കുന്നുണ്ട്. ലോഡ്ജുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടക്കുന്നുണ്ട്. ബോംബ് - ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള സംഘങ്ങളും നഗരത്തിൽ സജീവമാണ്. 1,800 പൊലീസുകാരെ സുരക്ഷയുടെ ഭാഗമായി നിയോഗിക്കാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം.
ലൈസൻസികൾ സുരക്ഷ ഉറപ്പാക്കണം
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി കുന്നംകുളം മുനിസിപ്പാലിറ്റി പരിധിയിലുള്ള സ്‌ഫോടകവസ്തു ലൈസൻസികളുടെ കൈവശമുള്ള സ്‌ഫോടക വസ്തുക്കളുടെ സ്‌റ്റോക്ക് 15 ന് 24 മണിക്കൂർ മുമ്പ് ഒഴിവാക്കി സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞദിവസം കുന്നംകുളത്ത് നിന്ന് വെടിമരുന്ന് കണ്ടെത്തിയത് ആശങ്ക പരത്തിയിരുന്നു. നഗരത്തിലെ പടക്കക്കച്ചവടക്കാരോട് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പ്രവർത്തിക്കരുതെന്ന് നിർദ്ദേശം നൽകി.
തൃശൂരിനെ ലക്ഷ്യമിട്ട് ...
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ പ്രചാരണ മുദ്രാവാക്യമായ മോദി ഗ്യാരന്റി പ്രഖ്യാപിച്ചത് തൃശൂർ നഗരത്തിലെ സമ്മേളനത്തിലായിരുന്നു. ഗുരുവായൂരും തൃപ്രയാറും മോദിയെത്തിയിരുന്നു. തുടർച്ചയായി മൂന്നാം വട്ടവും പ്രധാനമന്ത്രി പ്രചരണത്തിനെത്തുന്നത് വഴി തൃശൂർ കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. എൻ.ഡി.എയുടെ പ്രചാരണതന്ത്രങ്ങളെ ശക്തമായി പ്രതിരാേധിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയും ജില്ലയിൽ സജീവമായത്. യു.ഡി.എഫിന്റെ ദേശീയ നേതാക്കളും അടുത്തദിവസങ്ങളിൽ തൃശൂരിലെത്തിയേക്കും.