കുഴിക്കാട്ടുശ്ശേരി: അകാലത്തിൽ വിട പറഞ്ഞ യുവ സംവിധായകൻ മോഹൻ രാഘവന്റെ സ്മരണയ്ക്കായി ഗ്രാമിക ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന മോഹനം ചലച്ചിത്രോത്സവം 15 മുതൽ 24 വരെ കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടക്കും. 15 മുതൽ മേയ് അഞ്ച് വരെ ഗ്രാമികയും ആളൂർ പഞ്ചായത്തും ചേർന്നൊരുക്കുന്ന ദേശക്കാഴ്ച 2024 കലാസാംസ്‌കാരിക ഉത്സവത്തിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ നടത്തുന്നത്.
11 മലയാള ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ദിവസേന വൈകിട്ട് 6.30നാണ് പ്രദർശനം.
എല്ലാ ദിവസവും പ്രദർശനത്തിനുശേഷം സംവിധായകരും അണിയറ പ്രവർത്തകരും പ്രേക്ഷകരുമായി സംവദിക്കും. 15ന് വൈകിട്ട് അഞ്ചിന് പ്രശസ്ത ഫിലിം ക്രിട്ടിക്കും ഡോക്യുമെന്ററി സംവിധായകനുമായ ഡോ. സി.എസ്. വെങ്കിടേശ്വരൻ ഉദ്ഘാടനം നിർവഹിക്കും. തിരക്കഥാകൃത്ത് പി.എസ്. റഫീഖ് മുഖ്യാതിഥിയാകും. സംവിധായകരായ സജാസ് റഹ്മാൻ, ഷിനോസ് റഹ്മാൻ എന്നിവർ പങ്കെടുക്കും.