paramekkav

തൃശൂർ : കൊടിക്കൂറകൾ ഉയർന്നതോടെ ശക്തന്റെ തട്ടകം പൂരലഹരിയിലേക്ക് ഉണർന്നു. ഇനി രാവും പകലും പൂരത്തിൽ പുലരും നാട്.
തിരഞ്ഞെടുപ്പ് പൂരത്തിന്റെ ചൂടിലും ചൂരിലും വിഷുവിന്റെ ആഘോഷത്തിമിർപ്പിലുമാണ് കൊടിയേറിയത്. പ്രധാന ഘടക ക്ഷേത്രങ്ങളായ തിരുവമ്പാടിയിലും പാറമേക്കാവിലും ദേശക്കാർ കൊടിയേറ്റിയതോടെ ചടങ്ങുകൾക്ക് തുടക്കമായി.
ഇനി പൂരം വരെ ഭഗവതിമാർ തട്ടകങ്ങളിലെത്തും. ഘടക ക്ഷേത്രങ്ങളിലും ഇന്നലെ ആചാര പെരുമയോടെ കൊടിയേറ്റം നടന്നു. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ പതിനൊന്നരയ്ക്ക് ശേഷമായിരുന്നു കൊടിയേറ്റം. കഴിഞ്ഞദിവസം കൊടിയേറ്റത്തിനുള്ള കവുങ്ങ് ദേശക്കാർ ക്ഷേത്രത്തിലെത്തിച്ചു. തിരുവമ്പാടിയിലെ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ തറവാട്ടിലെ പ്രതിനിധികൾ കൊടിമരം ഒരുക്കി. ഉയർത്താനുള്ള, മേൽശാന്തി പൂജിച്ച കൊടിക്കൂറ ദേശക്കാർക്ക് കൈമാറി. ഇതോടെ ആർപ്പുവിളികളുമായി പൂരച്ചടങ്ങുകൾക്ക് തുടക്കമിട്ട് കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി.


തുടർന്ന് ആർപ്പുവിളികളോടെ ദേശക്കാർ കൊടിമരം ഉയർത്തി. ഉച്ചകഴിഞ്ഞ് തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസിലേറി പുറത്തേക്കിറങ്ങി. നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകൾ ഉയർത്തി. തുടർന്ന് പടിഞ്ഞാറെ ചിറയിലെത്തി ഇറക്കിപ്പൂജ കഴിഞ്ഞ് ആറാട്ട് നടത്തി മടങ്ങി. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർമേനോൻ, സെക്രട്ടറി കെ.ഗിരീഷ്, രവികുമാർ, പ്രശാന്ത് മേനോൻ, ശശിധരൻ, അരുൺ എന്നിവർ നേതൃത്വം നൽകി.
പാറമേക്കാവിൽ ഉച്ചയ്ക്ക് 12നാണ് കൊടിയേറിയത്. പാരമ്പര്യ അവകാശികളായ ചെമ്പിൽ വീട്ടുകാർ കൊടിമരം ഒരുക്കി വലിയപാണിക്ക് ശേഷം തട്ടകക്കാർ ക്ഷേത്രത്തിൽ കൊടിമരം ഉയർത്തി. തുടർന്ന് ക്ഷേത്രസമുച്ചയത്തിലെ പാലമരത്തിലും മണികണ്ഠനാലിലും കൊടി നാട്ടി. പാറമേക്കാവിൽ കൊടിയേറ്റത്തിന് ശേഷം എഴുന്നള്ളിപ്പാരംഭിച്ചു. അഞ്ചാനകളോടെ, കിഴക്കൂട്ട് അനിയൻ മാരാരുടെ മേളത്തോടെ, വടക്കുന്നാഥനിലെത്തി ചന്ദ്രപുഷ്‌കർണിയിൽ ആറാടി. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.ബാലഗോപാൽ, സെക്രട്ടറി ജി.രാജേഷ്, ജോ.സെക്രട്ടറി നന്ദകുമാർ എന്നിവർ നേതൃത്വം നൽകി. മന്ത്രി കെ.രാജൻ, പി.ബാലചന്ദ്രൻ എം.എൽ.എ, വി.എസ്.സുനിൽ കുമാർ, സുരേഷ് ഗോപി, രാജേന്ദ്രൻ അരങ്ങത്ത്, എ.നാഗേഷ്, എം.എസ്.സമ്പൂർണ, പൂർണിമ സുരേഷ് തുടങ്ങിയവർ കൊടിയേറ്റച്ചടങ്ങിനെത്തി.

ആചാരപ്പെരുമയോടെ ഘടക ക്ഷേത്രങ്ങൾ

ഘടകക്ഷേത്രങ്ങളിലും ഇന്നലെ രാവിലെ മുതൽ പൂരക്കൊടികൾ ഉയർന്നു. ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. അയ്യന്തോൾ കാർത്യായനി ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രം, പനമുക്കുംപിള്ളി ധർമ്മശാസ്താ ക്ഷേത്രം, ചൂരക്കോട്ടുകാവ് ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ്, ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും കൊടിയേറ്റം നടത്തി.

കത്തിക്കയറും ആവേശം


17ന് വൈകിട്ട് ഏഴിന് സാമ്പിൾ വെടിക്കെട്ട്.

18ന് രാവിലെ 10ന് തെക്കേനട തുറന്ന് പൂരവിളംബരം

രാവിലെ 10ന് ആനച്ചമയ പ്രദർശനം

തൃശൂർ പൂരം 19ന്

20ന് ഉപചാരം ചൊല്ലൽ