
തൃശൂർ: കണിവയ്ക്കാൻ കണിവെള്ളരി വാങ്ങാൻ ജനം തിരക്കുകൂട്ടുന്നതിനിടെ വിഷുവിന് രണ്ടുദിവസം മുമ്പ് മിക്ക പച്ചക്കറി ഇനങ്ങൾക്കും വില കുതിച്ചുകേറി. ചെറുകിട വിപണിയിൽ വില 40 രൂപയായ കണിവെള്ളരി ആവശ്യക്കാർ കൂടിയതോടെ കിട്ടാതെയുമായി. അതേസമയം തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി കാര്യമായെത്താതിരുന്നതാണ് വിലക്കൂടുതലിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു.
ബീൻസിനാണ് വില കൂടുതൽ. 85-90 എന്ന വിലയിൽ നിന്നാണ് ബീൻസ് കിലോയ്ക്ക് 150-155 രൂപ എന്നതിലേക്ക് ഉയർന്നത്. 35 രൂപയുണ്ടായിരുന്ന പയറിന് 70-75 രൂപ വരെ ഉയർന്നു. ഹോൾസെയിൽ വിലയേക്കാൾ മിക്ക പച്ചക്കറി ഇനങ്ങൾക്കും പത്ത് മുതൽ 20 രൂപ വരെ വിലക്കൂടുതൽ അനുഭവപ്പെട്ടു.
30-32 രൂപ വിലയുണ്ടായിരുന്ന തക്കാളി കിലോയ്ക്ക് 45 രൂപയായി. കാരറ്റ് ഹോൾസെയിൽ മാർക്കറ്റിൽ കിലോയ്ക്ക് 70 രൂപയാണ്. ചെറുകിട കച്ചവടക്കാർ ഈടാക്കുന്നത് 90 രൂപയാണ്. കഴിഞ്ഞദിവസം 45- 50 രൂപ ഹോൾസെയിൽ വിലയുണ്ടായിരുന്നതിൽ നിന്നാണ് കാരറ്റ് ഈ വിലയിലേക്ക് എത്തിയത്.
ഉത്സവ വിലകയറ്റം
മൂവാണ്ടൻ മാങ്ങ 50 രൂപ
മാമ്പഴം 100 രൂപ
പാവയ്ക്ക 140 ( 80 രൂപ)
പടവലങ്ങ 40 (20)
ചേന 50 (35-40)
ഇഞ്ചി 220 രൂപ
മുരിങ്ങക്കായ 60-65 രൂപ
(ബ്രാക്കറ്റിൽ പഴയ വില)