
തൃശൂർ: തൃശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തമായതോടെ പിൻവാങ്ങി വനംവകുപ്പ്. ആനകളുടെ 50 മീറ്റർ ചുറ്റളവിൽ ആളും മേളവും പാടില്ലെന്ന സർക്കുലറിനെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും രംഗത്തെത്തി.
പൂരം നടത്തിപ്പിന് പ്രശ്‌നമുണ്ടാകില്ലെന്നും വിവാദ നിർദ്ദേശം പിൻവലിക്കുമെന്നും വനംമന്ത്രി അറിയിച്ചു. വിവാദ നിബന്ധനയിൽ മാറ്റം വരുത്തുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും വനംമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി. ആനകളുടെ അമ്പത് മീറ്റർ ചുറ്റളവിൽ തീവെട്ടി, താളമേളം എന്നിവയില്ലെന്ന് ഉറപ്പു വരുത്തണമെന്ന ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറാണ് വിവാദത്തിന് തിരികൊളുത്തിയത്. ആനകളുടെ മൂന്ന് മീറ്റർ അകലെയേ ആളുകൾ നിൽക്കാവൂ.
ആനകൾക്ക് ചുറ്റും പൊലീസും ഉത്സവ വൊളന്റിയർമാരും സുരക്ഷാവലയം തീർക്കണം. ചൂട് കുറയ്ക്കാൻ ഇടയ്ക്കിടെ ആനകളെ നനയ്ക്കണം എന്നതടക്കമാണ് നിർദ്ദേശം. കനത്ത ചൂടും ആനകൾ വിരണ്ടോടുന്നത് പതിവാകുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കുലർ എന്നാണ് വിശദീകരണം. എന്നാൽ ഇങ്ങനെ അമ്പത് മീറ്ററിനപ്പുറത്തേക്ക് ആളുകളെയും മേളവുമെല്ലാം മാറ്റുകയെന്നത് അപ്രായോഗികമാണെന്നും അത് നടപ്പിലാക്കിയാൽ മേളക്കാരും ആളുകളും തേക്കിൻകാട് മൈതാനത്തിന് പുറത്താകുമെന്നും ദേവസ്വം ഭാരവാഹികൾ പറയുന്നത്.
പിൻവലിച്ചില്ലെങ്കിൽ 16 മുതൽ ആനകളെ നൽകില്ലെന്ന്
അപ്രായോഗികമായ നിർദ്ദേശം പിൻവലിക്കാത്ത പക്ഷം 16 മുതൽ ഉത്സവാഘോഷങ്ങളിൽ ആനകളെ പങ്കെടുപ്പിക്കില്ലെന്ന് കേരള എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷൻ, കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി, ആനത്തൊഴിലാളി യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഓരോ ഉത്സവത്തിനും 12 മണിക്കൂർ മുമ്പ് മൂന്ന് ഡോക്ടർമാർ ക്ഷേത്രക്കമ്മിറ്റി ആനയെ പരിശോധിക്കണമെന്നത് പ്രായോഗികമല്ല. അമ്പത് മീറ്റർ അകലത്തിൽ മേളം, തീവെട്ടി എന്നിവ ആകാവൂവെന്ന് പറയുന്നത് എഴുന്നള്ളിപ്പിന്റെ ശോഭ കെടുത്തുമെന്ന് പി.എസ്.രവീന്ദ്രനാഥ്, കെ.മഹേഷ്, പി.എസ്.ജയഗോപാൽ, വത്സൻ ചമ്പക്കര, മനോജ് അയ്യപ്പൻ, എം.എ.സുരേഷ്, പരമേശ്വരൻ, കൃഷ്ണദാസ് എന്നിവർ പറഞ്ഞു.