
തൃശൂർ: തൃശൂരിലെ സി.പി.എം-ബി.ജെ.പി ഡീലിന്റെ തെളിവാണ് മേയർ എം.കെ.വർഗീസിന്റെ തുറന്നുപറച്ചിലെന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ എം.പി. മുഖ്യമന്ത്രിയുടെ കാർമ്മികത്വത്തിലാണ് രഹസ്യനീക്കം. സി.പി.എം ഓഫീസിൽ മുഖ്യമന്ത്രി ഈയിടെ കരുവന്നൂർ കേസിലെ കുറ്റാരോപിതരെ മാത്രം വിളിച്ചുവരുത്തി ചർച്ച നടത്തിയത് എന്താണെന്ന് സി.പി.എം വ്യക്തമാക്കണം. തിരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യാനാണെങ്കിൽ മറ്റ് പലരുമായും സംസാരിക്കണമായിരുന്നു. പ്രധാനമന്ത്രി മോദിയെ പേരെടുത്ത് പറഞ്ഞ് മുഖ്യമന്ത്രി ഒരു വിമർശനവും നടത്തിയിട്ടില്ല. പകരം സദാ രാഹുൽഗാന്ധിയെയും കോൺഗ്രസിനെയുമാണ് വിമർശിക്കുന്നത്. തൃശൂരിലെ മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലായി. ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. കരുവന്നൂർ സഹകരണബാങ്ക് വിഷയത്തിൽ സി.പി.എം നേതാക്കളെ ഇ.ഡി അറസ്റ്റ് ചെയ്യുമെന്ന് പറയുന്നതല്ലാതെ ഒരു നടപടിയുമുണ്ടായിട്ടില്ല.