
തൃശൂർ: പള്ളിയിൽ നിന്ന് സുരേഷ് ഗോപി നോമ്പ് കഞ്ഞികുടിക്കുന്ന രീതിയെ അഭിനയമെന്ന് പറഞ്ഞ് മന്ത്രി കെ.ബി.ഗണേഷ് കുമാർ പരിഹസിച്ചതിനു പിന്നാലെ പരോക്ഷ പ്രതികരണവുമായി എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. ''77, 78 കാലം മുതൽ നോമ്പ് നോക്കുന്നയാളാണ് ഞാൻ. ബിസ്മി ചൊല്ലി തന്നെ നോമ്പ് തുറക്കാനും അറിയാം.
പടച്ചോൻ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തിൽ തത്വമാക്കിയ വ്യക്തിയാണ്. എന്റെ അച്ഛനെ കണ്ട് ഞാനതു പഠിച്ചു. എന്റെ മക്കൾ എന്നെ കണ്ടു പഠിച്ചു. കഴിക്കുന്ന പാത്രം വിരലുവച്ചു വടിച്ചു കഴിക്കും, അങ്ങനെയൊരു പാരമ്പര്യമാണുള്ളത്. സലാം പറഞ്ഞാൽ തിരിച്ചു സലാം പറഞ്ഞ് അവസാനിപ്പിക്കുന്ന ആളല്ല. അതിന്റെ മുഴുവൻ ടെക്സ്‌റ്റ് പറഞ്ഞാണ് അവസാനിപ്പിക്കുക. '. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന യോഗത്തിലാണ് സുരേഷ് ഗോപിയുടെ വിശദീകരണം. സുരേഷ് ഗോപി തൃശൂരിലെ ഒരു പള്ളിയിൽ നിന്നും നോമ്പ് കഞ്ഞി കുടിക്കുന്ന വീഡിയോയിലെ ചില ഭാഗങ്ങൾ ചൂണ്ടിക്കാട്ടി ഗണേഷ് കുമാർ വിമർശനം ഉന്നയിച്ചിരുന്നു.