ചാലക്കുടി: മകരക്കൊയ്ത്തു കഴിഞ്ഞ പാടത്ത് നിറഞ്ഞുകിടക്കുന്ന വേനൽക്കാല പച്ചക്കറികൾ, വിഷുവിനോടടുത്ത് ഒരു തകർപ്പൻ മഴ പിന്നെ വിത്തും കൈക്കോട്ടുമായി പാടത്തേയ്ക്ക്. ഇതാണ് വി.ആർ.പുരം ഉറുമ്പൻകുന്നിലെ ചന്ദ്രൻ പാപ്പന്റെ പഴയ വിഷുക്കാല ഓർമ്മകൾ. വിഷു എത്തുന്നതിനും ആഴ്ചകൾക്ക് മുമ്പ് ഒരുക്കം തുടങ്ങും. കശുവണ്ടി ശേഖരിച്ച് വിറ്റ് പടക്കം വാങ്ങുന്ന അക്കാലത്തെ ഓർമ്മകൾ ഇപ്പോഴും മനസിൽ കുളിർമ്മ നൽകുന്ന ഒന്നാണ്. അക്കാലത്ത് നാടൻ ചക്കകളായിരുന്നു പറമ്പ് നിറയെ. ഇവയടക്കം നാടൻ കാർഷിക വിളകൾ മാത്രം കണിയൊരുക്കിയിരുന്ന ഇനിയൊരിക്കലും തിരിച്ചുവരാത്ത കാലത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് അദ്ദേഹം. പിതാവ് മാക്കുവിന്റെ പാത പിന്തുടർന്ന് കാർഷിക വൃത്തി ഏറ്റെടുത്തത് മകൻ ചന്ദ്രനായിരുന്നു. മറ്റു സഹോദരങ്ങൾ ഉദ്യോഗത്തിലേയ്ക്ക് തിരിഞ്ഞു. ഏക്കർ കണക്കിന് നിലത്തിൽ ചന്ദ്രൻ നെൽകൃഷി നടത്തി. പലകാരണത്താൽ ഇപ്പോൾ നിലം പാട്ടത്തിന് നൽകിയിരിക്കുകയാണ്. വീടിന്റെ തൊടി ഇന്നും ഒരു കാർഷിക സമൃദ്ധിയിൽ തന്നെ. നാടൻ പ്ലാവ്, കൊടപ്പുളി മരം, ജാതി, തെങ്ങ് തുടങ്ങി സർവവിളകളുമുണ്ട് തോട്ടത്തിൽ.
വിഷുക്കാലം, കാർഷിക വർഷാരംഭം.
പഴയകാലത്ത് കർഷകരുടെ കാർഷിക കലണ്ടറിന്റെ തുടക്കം, മേടം ഒന്നായിരുന്നു. അശ്വതി ഞാറ്റുവേലയുടെ തുടക്കവും. വിരിപ്പ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഞാറ്റുവേലയിൽ വർഷക്കാലത്തേയ്ക്കുള്ള പച്ചക്കറി വിത്തുകളും മണ്ണിനടിയിലെത്തും. ഇവിടെ നിന്നായിരുന്നു തനതു വർഷത്തേയ്ക്കുള്ള കൃഷിയുടെ തുടക്കം. അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും അച്ഛൻ വളർത്തിയ മക്കളും കേടു വരില്ലെന്ന് പഴഞ്ചൊല്ലുമുണ്ട്.
(തുമ്പരത്തി ശിവരാമൻ, ജൈവ കർഷകൻ)